ന്യൂഡല്‍ഹി: കേരളം ഭരിക്കുന്നത് ബിജെപി ആണെന്ന് അധികാരത്തില്‍ വന്നത് മുതല്‍ വി ഡി സതീശന്‍ തെളിയിക്കുകയാണെന്ന് എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ ആദര്‍ശ് എം സജി. പിഎം ശ്രീ ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്നും നുണകളുടെ ചീട്ടുകൊട്ടാരം തകരുന്നുവെന്നും ആദര്‍ശ് കൂട്ടിച്ചേര്‍ത്തു. സതീശന്റെ നുണകള്‍ യുഡിഎഫ് എംപിമാര്‍ തന്നെ പൊളിച്ചു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല എന്ന് പാര്‍ലമെന്റില്‍ തന്നെ പറഞ്ഞു.
യുഡിഎഫ് രാജഭക്തിയോട് കൂടിയാണ് മുന്നോട്ട് പോകുന്നത്. അറബിക്കടലില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എറിഞ്ഞ പദ്ധതി കെ എം ഷാജി മുങ്ങാംകുഴി ഇട്ട് തപ്പിയെടുത്ത് സതീശന്റെ കയ്യില്‍ എത്തിച്ച് നല്‍കി. കേരള ജനത സംഘപരിവാര്‍ സര്‍ക്കാരിനെ പ്രതിരോധിക്കുമെന്നും ആദര്‍ശ് എം സജി വ്യക്തമാക്കി. കേരളത്തിലെ മുഖ്യമന്ത്രി ആര്‍എസ്എസ് മുഖ്യമന്ത്രിയെ പോലെ പെരുമാറുന്നുവെന്നും ആദര്‍ശ് വിമർശിച്ചു.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പിഎം ശ്രീയുമായി മുന്നോട്ട് പോകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രിസഭ നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ട് വെച്ചായിരിക്കും കാര്യങ്ങള്‍ നീക്കുകയെന്നും അടൂര്‍ പ്രകാശ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ യുഡിഎഫ് കണ്‍വീനറെ തള്ളി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതിന് പിന്നാലെയാണ് തിരുത്ത്. ‘ഉപസമിതി റിപ്പോര്‍ട്ട് വെച്ചായിരിക്കും തുടര്‍ന്നുള്ള നടപടി. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് കേട്ടു. കേന്ദ്രസര്‍ക്കാരുമായി ചില കാര്യങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായം സംസ്ഥാനത്തിനുണ്ട്. പിഎംശ്രീയില്‍ ഉള്‍പ്പെടെ അതുണ്ട്. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും പിഎംശ്രീയിലെ കാര്യങ്ങള്‍ തീരുമാനിക്കുക. യുഡിഎഫ് യോഗത്തില്‍ പിഎംശ്രീയുമായി ബന്ധപ്പെട്ട് പ്രത്യേകം ചര്‍ച്ച നടന്നിട്ടില്ല. തര്‍ക്കം ഉണ്ടായിട്ടില്ല. പിഎംശ്രീയുമായി മുന്നോട്ട് പോകുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല’, അടൂര്‍ പ്രകാശ് പറഞ്ഞു.

















































