ബീജിങ്: ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ ഒരു സാധാരണ ബാർബിക്യു റസ്റ്ററന്റിൽ ചെന്നാൽ ഇലോൺ മസ്ക് മാംസം ഗ്രിൽ ചെയ്ത് വിളമ്പുന്നത് കാണാം. ലോകത്തിലെ ഏറ്റവും സമ്പന്നരിലൊരാളായ ഇലോൺ മസ്കുമായി അസാധാരണമായ രൂപസാദൃശ്യമുള്ള മാ ജിയാൻപിങ് എന്ന റസ്റ്ററന്റ് ഉടമയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഷാങ്സി പ്രവിശ്യയിലെ തോങ്ചുവാനിലാണ് മാ ജിയാൻപിങ് ‘യിലാൻ റസ്റ്ററന്റ്’ നടത്തുന്നത്. ഗാൻസു പ്രവിശ്യ സ്വദേശിയായ മാ ജിയാൻപിങ് മുമ്പ് ഇലക്ട്രീഷ്യറായി ജോലി ചെയ്തിരുന്നു. മുഖത്തിന്റെ ആകൃതി, മുടി, കണ്ണുകൾ തുടങ്ങി നിരവധി സവിശേഷതകളാണ് മസ്കുമായി സാമ്യമുള്ളത്. വസ്ത്രധാരണത്തിലും മസ്കിന്റെ ശൈലിയുമായി സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
മാ ജിയാൻപിങ്ങിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ റസ്റ്ററന്റിലേക്ക് ആളുകളുടെ ഒഴുക്കാണ്. അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാനും വീഡിയോ പകർത്താനുമായി നിരവധി പേരാണ് കടയ്ക്ക് മുന്നിൽ എത്തുന്നത്. ചിലർ ടെസ്‌ല കാറുകളിലെത്തിയാണ് മാ ജിയാൻപിങ്ങിനൊപ്പം ചിത്രങ്ങളെടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ആരാധകർ സമ്മാനിക്കുന്ന പൂച്ചെണ്ടുകൾ സ്വീകരിച്ചും അവരുമായി കൈകൊടുത്തും മാ ജിയാൻപിങ് ശാന്തമായി സമയം ചെലവഴിക്കുന്നു. ഇതിനിടെ റസ്റ്ററന്റിന്റെ പേര് ‘സ്പേസ് എക്സ് ബാർബിക്യു’ എന്നാക്കി മാറ്റണമെന്ന രസകരമായ ആവശ്യവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. മസ്കിനെ ചൈനയിൽ ക്ലോൺ ചെയ്തതാണെന്ന തരത്തിലുള്ള തമാശകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പെട്ടെന്നുണ്ടായ ജനശ്രദ്ധ തനിക്ക് നാണവും പരിഭ്രമവും ഉണ്ടാക്കുന്നുണ്ടെന്ന് മാ ജിയാൻപിങ് പറയുന്നു. എന്നാൽ ഈ പ്രശസ്തി റസ്റ്ററന്റിന്റെ കച്ചവടം വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ ഒമ്പത് മുതൽ അർധരാത്രി കഴിഞ്ഞും റസ്റ്ററന്റിൽ ജോലി ചെയ്യുന്ന മാ ജിയാൻപിങ്ങിന് ഇതിനകം നിരവധി ബിസിനസ് ഓഫറുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ തൽക്കാലം ലൈവ് സ്ട്രീമിങ്ങിലേക്കോ മറ്റ് ഓൺലൈൻ പ്രവർത്തനങ്ങളിലേക്കോ കടക്കാൻ പദ്ധതിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചൈനീസ് സമൂഹമാധ്യമമായ ഡോയിനിൽ ഇതിനകം സ്വന്തം അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ഇലോൺ മസ്കുമായി രൂപസാദൃശ്യമുള്ള ആളുകൾ ഇതാദ്യമായല്ല സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 2022ൽ ചൈനയിലെ മാ യിലോങും 2025ൽ പാകിസ്താനിലെ ഗോഹർ സമനും മസ്കിന്റെ രൂപസാദൃശ്യം കാരണം ഇന്റർനെറ്റിൽ വൈറലായിരുന്നു.
മസ്കിന്റെ ‘അപരൻ’ എന്ന വിശേഷണവുമായി മാ ജിയാൻപിങ് ഇപ്പോൾ വൈറലായതോടെ, തോങ്ചുവാനിലെ ഈ ചെറിയ ബാർബിക്യു റസ്റ്ററന്റും സമൂഹമാധ്യമങ്ങളിൽ കൗതുകകേന്ദ്രമായി മാറിയിരിക്കുകയാണ്.



















































