കൊച്ചി: ആലുവയിൽ നിന്ന് നാല് ദിവസം മുമ്പ് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ആലുവ പൊലീസും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി ആലുവ പൊലീസ് സംഘം പൂനെയിലെത്തിയിരുന്നു. ഇൻസ്റ്റഗ്രാം വഴി കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്തതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ ഇവർ പുണെയിലേക്ക് വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് സംഘം പുണെ സ്റ്റേഷനിൽ കാത്തുനിന്നു. വൈകുന്നേരം ഏകദേശം നാല് മണിയോടെ ട്രെയിൻ എത്തിയപ്പോൾ, ജനറൽ കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.
കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ആലുവ പൊലീസ് കുട്ടിയുമായി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടി വീട് വിട്ടുപോകാനുണ്ടായ സാഹചര്യം ഉൾപ്പെടെ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


















































