ന്യൂഡൽഹി: ഗംഗാ നദിയിൽ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ ഇഫ്താർ സമയത്ത് ചിക്കൻ ബിരിയാണി കഴിച്ചെന്ന പേരിൽ മുസ്ലിം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ. ഗംഗയിൽ ബോട്ടിൽ സഞ്ചരിക്കുമ്പോൾ ചിക്കൻ കഴിക്കുന്നത് വിലക്കുന്ന ഒരു നിയമവും ഇവിടെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ (NLIU) നടന്ന ജസ്റ്റിസ് ജി.പി. സിംഗ് സ്മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഭൂയാൻ.
ചിക്കൻ ബിരിയാണി കഴിക്കുന്നത് കുറ്റകരമല്ലെന്നും, പക്ഷെ അതിനായി യുവാക്കളെ മൂന്ന് മാസം ജയിലിൽ കഴിയേണ്ടി വന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പ്രതിഷേധവും അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ അഭിപ്രായ പ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും ക്രിമിനൽ കുറ്റങ്ങളായി കാണുന്ന പ്രവണത വർധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി വിഷയങ്ങളിൽ ശബ്ദമുയർത്തുന്നവരെ കുറ്റവാളികളെ പോലെ പിന്തുടരുന്നു. കാമ്പസുകളിൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു. ഇവർക്ക് 40 ദിവസത്തേക്ക് ജാമ്യം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇത്തരം പല കേസുകളിലും കോടതികൾ സാധാരണ ജാമ്യം അനുവദിക്കുന്നുണ്ട്. എന്നാൽ, വൈകിയാണ് അത് ലഭിക്കുന്നത്. ജാമ്യം അനുവദിക്കുമ്പോൾ പ്രതികളെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ ഇടുന്നതിൽ നിന്നും വിലക്കുന്നു. ഇത് വ്യക്തി സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയാണെന്നും കേസുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. മാർച്ച് 14നാണ് ഗംഗ നദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തിയതിന് യുവാക്കളെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തൽ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.

















































