മുംബൈ: നീറ്റ് പുനഃപരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് മഹാരാഷ്ട്രയിലെ അഹില്യാനഗർ ജില്ലയിൽ വിദ്യാർഥിനി ജീവനൊടുക്കി. ജലാൽപുർ ഗ്രാമവാസിയായ അങ്കിത സാംഗ്ലെ എന്ന പെൺകുട്ടിയാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. കിടപ്പുമുറിയിൽ അങ്കിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് മറാത്തിയിൽ എഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയിൽ 166 മാർക്ക് മാത്രം ലഭിച്ചതിനെ തുടർന്ന് അങ്കിത കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
‘‘നിങ്ങൾ എന്നെ ഒരുപാട് സ്നേഹിച്ചു. പക്ഷേ നിങ്ങളുടെ ഒരു ആഗ്രഹം പോലും എനിക്ക് നിറവേറ്റാൻ കഴിഞ്ഞില്ല. അമ്മേ, എല്ലാ പ്രതിസന്ധികളിലും അമ്മ ഒരു സുഹൃത്തിനെപ്പോലെ എന്നെ പിന്തുണച്ചു. ദാദ (ജ്യേഷ്ഠൻ), നീയും എന്നെ ഒരുപാട് സഹായിച്ചു. അമ്മയെക്കാളും അച്ഛനെക്കാളും നീ എന്നെ സ്നേഹിച്ചു. എന്റെ ആത്മഹത്യയ്ക്ക് നിങ്ങളാരും ഉത്തരവാദികളല്ല. ഞാൻ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ പോലും നിങ്ങൾ എനിക്കു വേണ്ടി എല്ലാം ത്യാഗം ചെയ്തു. പക്ഷേ ഞാൻ പരാജയപ്പെട്ടു. നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ എനിക്ക് കഴിഞ്ഞില്ല’’ – അങ്കിത ആത്മഹത്യക്കുറിപ്പിൽ കുറിച്ചു.
















































