ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ റോഡ് തടസപ്പെടുത്തി ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം. വിവാഹസമയത്ത് താൻ സമ്മാനമായി നൽകിയ ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മീററ്റുകാരിയായ സോനമാണ് ജിം ട്രെയിനർ കൂടിയായ ഭർത്താവ് സഞ്ജിത് ഭാർതിയുമായി തർക്കത്തിലേർപ്പെട്ടത്. മീററ്റിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിക്ടോറിയ പാർക്കിന് സമീപമാണ് സംഭവം. തർക്കത്തിനിടെ ഭർത്താവിന്‍റെ ഷർട്ട് സോനം വലിച്ചൂരുന്നതും ഉപദ്രവിക്കുന്നതിന്‍റേയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
തർക്കം രൂക്ഷമായതോടെ സോനം ഭർത്താവിന്‍റെ കോളറിന് പിടിച്ച് ഷർട്ട് വലിച്ചുകീറുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഭർത്താവ് തന്‍റെ ഷർട്ട് വലിച്ചൂരി ഭാര്യയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കത്തിന് പിന്നാലെ ഏറെനേരം പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി. തടിച്ചുകൂടിയ ആളുകളെയും ബ്ലോക്കിനെയും ഗൗനിക്കാതെ വാക്കുതർക്കം തുടർന്ന ഇവരെ പൊലീസെത്തിയാണ് തൽക്കാലത്തേക്ക് പിന്തിരിപ്പിച്ചത്.
സോനവും സഞ്ജിതും തമ്മിൽ മുൻപും പലതവണ തർക്കത്തിലേർപ്പെട്ടിരുന്നെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ഇരുവരും തമ്മിൽ വിവാഹശേഷം കാര്യമായ ചില പ്രശ്നങ്ങൾ നടന്നതിനെ തുടർന്ന് സഞ്ജിത് സോനത്തിന് ജീവനാംശം നൽകിവരികയാണ്. ഇതേസംബന്ധിച്ച് കോടതിയിൽ കേസ് തുടരുന്നതിനിടെയാണ്, വിവാഹത്തിന് താൻ സമ്മാനമായി നൽകിയ ഫോൺ ഭാര്യ തിരികെ ചോദിച്ചത്. ഇതാണ് രൂക്ഷമായ തർക്കത്തിലേക്ക് തള്ളിവിട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.


















































