കണ്ണൂർ: 150 ഗ്രാം എന്ന് രേഖപ്പെടുത്തി വിറ്റ ബിസ്കറ്റ് പാക്കറ്റിൽ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയ കേസിൽ പാർലെ ബിസ്കറ്റ് കമ്പനിക്കും മെട്രോ ഹൈപ്പർ മാർക്കറ്റിനും തിരിച്ചടി. ഉപഭോക്താവിന് ആകെ ₹50,000 നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
അഞ്ചരക്കണ്ടി കല്ലായിയിലെ ടി.പി. ആസിഖ് നൽകിയ പരാതിയിലാണ് കമ്മിഷന്റെ നടപടി. 2024 ജൂലൈ 26-ന് ചക്കരക്കല്ലിലെ മെട്രോ ഹൈപ്പർ മാർക്കറ്റിൽ നിന്ന് 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാർലെ 20-20 ബിസ്കറ്റ് വാങ്ങിയ പരാതിക്കാരൻ, സമീപത്തെ കടയിൽ തൂക്കിനോക്കിയപ്പോൾ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹം ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു.
പരാതിക്കാരൻ ഹാജരാക്കിയ പാക്കറ്റ് തങ്ങൾ നിർമിച്ചതല്ലായിരിക്കാമെന്നും ഉൽപ്പന്നങ്ങൾ പൂർണമായും യന്ത്രസഹായത്തോടെയാണ് നിർമിക്കുന്നതെന്നുമായിരുന്നു പാർലെ കമ്പനിയുടെ വാദം. എന്നാൽ വിറ്റത് പാർലെ ഉൽപ്പന്നമാണെന്ന് മെട്രോ ഹൈപ്പർ മാർക്കറ്റ് സമ്മതിച്ചെങ്കിലും, തൂക്കക്കുറവിന്റെ ഉത്തരവാദിത്വം നിർമാതാവിനാണെന്ന് നിലപാടെടുത്തു.
ലീഗൽ മെട്രോളജി റിപ്പോർട്ടും മറ്റ് രേഖകളും പരിശോധിച്ച കമ്മിഷൻ, ഉൽപ്പന്നം പാർലെയുടേതാണെന്നും അളവിൽ കുറവുള്ള ഉൽപ്പന്നം വിറ്റത് സേവനത്തിലെ വീഴ്ചയാണെന്നും വിലയിരുത്തി. വിൽപ്പനക്കാരനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പാർലെ കമ്പനി ₹25,000 നഷ്ടപരിഹാരവും ₹10,000 കോടതി ചെലവും, മെട്രോ ഹൈപ്പർ മാർക്കറ്റ് ₹10,000 നഷ്ടപരിഹാരവും ₹5,000 കോടതി ചെലവും നൽകാൻ ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകണമെന്നും, അല്ലാത്തപക്ഷം ഉത്തരവിട്ട തീയതി മുതൽ 12 ശതമാനം പലിശ നൽകേണ്ടിവരുമെന്നും കമ്മിഷൻ വ്യക്തമാക്കി.


















































