വിഴിഞ്ഞം: മഴ പെയ്തു സംരക്ഷണ ഭിത്തി തകരാൻ തുടങ്ങിയതോടെ ബൈപാസിന്റെ പയറുമൂട് മുതൽ വേങ്ങപ്പൊറ്റ വരെയുള്ള സംരക്ഷണ ഭിത്തി നിറയെ കാണാൻ കഴിയുക നട്ടും ബോൾട്ടും മാത്രം. മഴക്കാലത്ത് ഈ ഭിത്തികളുടെ ഇടയിലൂടെ ജലം വാർന്നു പലയിടത്തും തകർച്ച ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ അധികൃതരെ അറിയിച്ചപ്പോഴാണ് ഇത്തരത്തിലുള്ള നടപടിയെന്ന് പ്രദേശവാസികൾ പറയുന്നു. കൂടാതെ കോൺക്രീറ്റ് നിർമിത വലിയ പാളികൾ അടുക്കിയുള്ള നിർമാണത്തിനിടയിൽ വിടവ് ഉള്ള ഭാഗങ്ങളിൽ ടയർ കഷണങ്ങൾ തിരുകിക്കയറ്റിയുള്ള താൽക്കാലിക പരിഹാരവും അധികൃതരുണ്ടാക്കിയിരിക്കുന്നതായും ഇവിടെ കാണാം. മാത്രമല്ല മുൻ വർഷങ്ങളിലെ മഴക്കാലത്ത് പാതയുടെ പല ഭാഗങ്ങളും തകർന്ന് കോൺക്രീറ്റ് പാളി സർവീസ് റോഡിലേക്ക് പതിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു.
പിന്നീട് പലയിടങ്ങളിലായി വീണ്ടും ഇത്തരത്തിൽ ചെറിയ തകർച്ച ഉണ്ടായി. വിവരം അറിയിച്ചപ്പോൾ ദേശീയ പാത (എൻഎച്ച്എ) അധികൃതരെത്തി ഇത്തരത്തിൽ ഇരുമ്പ് ആണികൾ ഉറപ്പിച്ചുമടങ്ങിയെന്നും നാട്ടുകാർ പറഞ്ഞു. പലയിടത്തും പാതയ്ക്ക് 10 മുതൽ 15 വരെ മീറ്ററാണ് ഉയരം. അതിൽ മണ്ണ് പല അടുക്കുകളായി നിറച്ചാണ് പാത നിർമിച്ചിട്ടുള്ളത്. പാതയുടെ ഇരു വശങ്ങളിലും ജനവാസ മേഖലയാണ്. പ്രശ്നത്തിനു ശാശ്വതമായ പരിഹാരം വേണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നേരത്തെ തന്നെ എൻഎച്ച്എ അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
അതേസമയം ബൈപാസിന്റെ പയറുംമൂട് വേങ്ങപ്പൊറ്റ ഭാഗങ്ങളിൽ അപകട സാഹചര്യമില്ലെന്നാണ് ദേശീയ പാത അതോറിറ്റി അധികൃതർ നൽകുന്ന വിശദീകരണം. ഐഐടിയുടെ നിർദേശാനുസരണം ഉള്ള രൂപകൽപനയാണ് ഇതെന്നും തകർച്ച ഭീഷണി ഇല്ല എന്നുമാണ് അധികൃതരുടെ വിശദീകരണം. നാലു വർഷം മുൻപ് ഉണ്ടായ നേരിയ കേടുപാട് അപ്പോൾ തന്നെ പരിഹരിച്ചിരുന്നെന്നും അധികൃതർ പറഞ്ഞു.



















































