ഒട്ടാവ: കാനഡയിലെ എഡ്മന്റണിൽ ഇന്ത്യൻ യുവതി ദാരുണമായി കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമൻപ്രീത് കൗർ (23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പങ്കാളിയായ 22 വയസ്സുകാരൻ റിതീഷ് കുമാറിനെ എഡ്മന്റൺ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജൂലൈ 9ന് വൈകിട്ടോടെയാണ് എഡ്മന്റണിലെ സിൽവർബെറിയിലുള്ള വസതിയിൽ ഗുരുതരമായ പരുക്കുകളോടെ അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാമൻപ്രീത് കൗർ, ചികിത്സയിലിരിക്കെ ജൂലൈ 12നാണ് മരണത്തിനു കീഴടങ്ങിയത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അന്വേഷണ പുരോഗതിക്കായി ആദ്യം രഹസ്യമാക്കി വച്ച മരണകാരണം ജൂലൈ 23നാണ് പൊലീസ് പുറത്തുവിട്ടത്. യുവതിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
ജൂലൈ 22നാണ് പ്രതിയായ റിതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരണപ്പെട്ട ദാമൻപ്രീത് കൗറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരം തുടങ്ങിയിട്ടുണ്ട്. മൃതദേഹം എത്തിക്കുന്നതിനായുള്ള ഭാരിച്ച ചെലവ് കുടുംബത്തിനു താങ്ങാനാകാത്ത സാഹചര്യത്തിലാണ് ഫണ്ട് ശേഖരിക്കുന്നത്.
















































