കൊച്ചി: ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായ വേളയിലാണ് അന്വേഷണത്തിലെ വീഴ്ചകളെ ചൂണ്ടിക്കാട്ടി കോടതി അതൃപ്തി രേഖപ്പെടുത്തിയത്.
വാദം നടക്കുന്നതിനിടെ കോടതി മുറിയിലെ ഓൺലൈൻ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി വിമർശിച്ചു. സുപ്രധാനമായ കേസ് പരിഗണിക്കുമ്പോൾ എന്തിനാണ് മൈക്ക് ഓഫ് ചെയ്യുന്നതെന്ന് ജഡ്ജി ചോദിച്ചു. എന്നാൽ കോടതി നടപടികൾ ചില ടെലിവിഷൻ ചാനലുകൾ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വിശദീകരണം. തുടർന്ന് കോടതി ഇടപെട്ട് മൈക്ക് വീണ്ടും ഓൺ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിലെ വീഴ്ചകളെ ചൂണ്ടിക്കാട്ടി പോലീസിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. “സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശമാണോ നിങ്ങൾക്കുള്ളത്? ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കണമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ഉന്നയിച്ചത്.
പ്രതിക്ക് സുപ്രീംകോടതി വരെ പോകാനുള്ള അവസരം എന്തിനാണ് സൃഷ്ടിച്ചതെന്നും, സാധാരണക്കാരുടെ നീതി ഉറപ്പാക്കാനാണ് കോടതിയുള്ളതെന്ന് മറക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കരുതെന്ന് ഡിവൈ.എസ്.പി ആവശ്യപ്പെട്ടെങ്കിലും, വീഴ്ചയിൽ നടപടിയുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണത്തിന്റെ മേൽനോട്ടം എങ്ങനെയാണ് നിർവഹിച്ചതെന്ന് ക്രൈംബ്രാഞ്ച് എസ്.പി യോടും കോടതി ചോദിച്ചു. എല്ലാ കാര്യങ്ങൾക്കും കോടതി ഇടപെടേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും, അന്വേഷണത്തിലെ പിഴവുകൾ ഒരു പ്രതിയെയും രക്ഷിക്കാൻ സഹായിക്കില്ലെന്നും കോടതി വ്യക്തമാക്കി. പോലീസിന് അവരുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി തന്നെ അന്വേഷണത്തിന് ഉത്തരവിടേണ്ട സാഹചര്യമുണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ എ.ഡി.ജി.പിക്ക് കോടതി നിർദേശം നൽകി. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റിവച്ചു.


















































