വാഷിങ്ടൺ: ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 മുതൽ 12.5 ശതമാനം വരെ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക. വെള്ളിയാഴ്ച പുലർച്ചെ 12:01 മുതൽ ഈ തീരുവ പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ നടപ്പാക്കിയിരുന്ന ആഗോള 10 ശതമാനം തീരുവയുടെ കാലാവധി അവസാനിച്ചതോടെയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം നടപ്പാക്കിയ സമാന തീരുവകൾ സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ ട്രംപ് ഭരണകൂടം വിവിധ നിയമങ്ങൾ ഉപയോഗിച്ച് വീണ്ടും ഇത്തരം നടപടികൾ കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്.
ഈ പുതിയ തീരുവകൾ ട്രേഡ് ആക്ട് 1974-ലെ സെക്ഷൻ 301 ലെ അന്യായമായ വ്യാപാര രീതികൾ പിന്തുടരുന്ന രാജ്യങ്ങൾക്ക് എതിരെ പ്രസിഡന്റിന് നടപടി സ്വീകരിക്കാൻ അനുവദിക്കുന്ന നിയമം ഉപയോഗിച്ചാണ് ഇപ്പോഴത്തെ നീക്കം. അതുപ്രകാരം നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് പുതിയ നീക്കം. കാനഡയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും 10% തീരുവ ബാധകമാണ്. കാനഡ ഇതിനകം നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് അമേരിക്കയുടെ ആരോപണം. യൂറോപ്യൻ യൂണിയൻ 2027 ഡിസംബർ മുതൽ ഇത്തരം നിരോധനം നടപ്പിലാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും നിയമങ്ങളുടെ പ്രാവർത്തികത കുറവാണെന്നാണ് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയിൽ നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഏകദേശം ഒരു നൂറ്റാണ്ടായി നിരോധിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. 2021-ൽ ചൈനയിലെ ചില പ്രദേശങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ജയിലുകളിൽ നടക്കുന്ന തൊഴിൽ സംവിധാനം നിർബന്ധിക്കുകയാണെന്ന വിമർശനം തൊഴിലാളി സംഘടനകൾ ഉയർത്തുന്നുണ്ട്.
അതേസമയം, ഈ നീക്കത്തിനെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. നയവിദഗ്ധനായ പീറ്റർ ഹാരെലിന്റെ അഭിപ്രായത്തിൽ നിർബന്ധിത തൊഴിൽ എന്ന വിഷയത്തെ മറയായി ഉപയോഗിച്ച് ട്രംപ് ഭരണകൂടം തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്. “ഇത് നിർബന്ധിത തൊഴിൽ വിഷയത്തെക്കുറിച്ചല്ല,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം മുൻകരാറുകളിൽ ഉണ്ടായിരുന്ന തീരുവ നിരക്കുകൾ തന്നെ തുടരുമെന്ന് ഭരണകൂടം സ്വകാര്യമായി ഉറപ്പുനൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഡെമോക്രാറ്റിക് സെനറ്ററായ റോൺ വൈഡനും ഇതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. “നിർബന്ധിത തൊഴിലാളികൾ എന്ന പേരിൽ നിയമവിരുദ്ധ തീരുമാനങ്ങൾ വീണ്ടും കൊണ്ടുവരാനുള്ള ശ്രമമാണ്” എന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. ഭരണകൂടം യഥാർത്ഥത്തിൽ നിർബന്ധിത തൊഴിലിനെതിരേ പ്രവർത്തിക്കണമെങ്കിൽ ആദ്യം സ്വന്തം നിയമപ്രവർത്തനത്തെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ തീരുവകൾ ആഗോള വ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് വിലയിരുത്തൽ. യു.എസ്. ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഉയർന്ന ചെലവുകൾ തുടരുമെന്ന ആശങ്കയുണ്ട്. ഇതോടെ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളിൽ കൂടുതൽ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു നൽകുന്നു.


















































