ന്യൂഡൽഹി: സിജെപി സമരത്തിനിടെയുണ്ടായ പോലീസ് ഭീകരതയിൽ ഇരയാക്കപ്പെട്ട വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ഉടൻ രാജിവെച്ച് പുറത്ത് പോകണമെന്നും ഈ വിഷയം ഇരുസഭകളിലും ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. അറസ്റ്റ് ചെയ്തശേഷം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ തടവിൽ വെച്ച ഛത്രസൽ സ്‌റ്റേഡിയത്തിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്.
തടങ്കലിൽ കഴിയുമ്പോൾ ചത്രസാൽ സ്റ്റേഡിയത്തിൽ നിന്ന് പകർത്തിയ വീഡിയോയിൽ രാഹുൽ ഗാന്ധി ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു ചർച്ച ആവശ്യപ്പെട്ടതായി പറഞ്ഞു. വിദ്യാർത്ഥികൾക്കെതിരായ സംഭവങ്ങളെക്കുറിച്ച് ചർച്ച അനിവാര്യമാണെന്ന് വ്യക്തമാക്കിയെങ്കിലും സർക്കാരിന് അതിൽ താൽപര്യമില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയത്. പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും വിദ്യാർത്ഥി പ്രതിഷേധത്തെ അടിച്ചമർത്തിയതിന്റെ പേരിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സംവിധാനത്തിന്റെ നിലവാരം ചോദ്യം ചെയ്ത രാഹുൽ ഗാന്ധി, “എന്തുകൊണ്ട് ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം തകരുന്നു? എന്തുകൊണ്ട് ചോദ്യപേപ്പറുകൾ ചോരുന്നു? എന്തുകൊണ്ട് വിദ്യാഭ്യാസം ഇത്ര ചെലവേറിയതാണ്? കുട്ടികളെ പഠിപ്പിക്കാൻ കുടുംബങ്ങൾ സാമ്പത്തികമായി തകർന്നുപോകേണ്ടി വരുന്നത് എന്തുകൊണ്ട്?” എന്നീ ചോദ്യങ്ങളും ഉയർത്തി.
അതുപോലെ പോലീസ് വിദ്യാർത്ഥികളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം പാർലമെന്റിന്റെ ഇരുസഭകളിലും ഈ വിഷയത്തിൽ ചർച്ച നടത്തണമെന്നും പ്രതിപക്ഷം ആവർത്തിച്ചു ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി, “നിങ്ങളുടെ സർക്കാർ ചെയ്ത കാര്യങ്ങൾക്ക് വിദ്യാർത്ഥികളോട് മാപ്പ് പറയണം. അതിനൊപ്പം പരീക്ഷാ സംവിധാനത്തിലും വിദ്യാഭ്യാസ രംഗത്തും അടിയന്തര പരിഷ്കാരങ്ങൾ തുടങ്ങണം,” എന്ന് പറഞ്ഞു.
അതേസമയം തടങ്കലിന് ശേഷം പുറത്തുവിട്ട വീഡിയോയിൽ രാഹുൽ ഗാന്ധി ഒരു ചെരുപ്പ് മാത്രം ധരിച്ച നിലയിൽ കാണപ്പെട്ടു. പോലീസ് പ്രതിഷേധ സമരത്തിനിടെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ മറ്റൊരു ചെരുപ്പ് നഷ്ടപ്പെട്ടതെന്നാണ് സൂചന. മാത്രമല്ല പോലീസ് അതിക്രമത്തിൽ രാഹുലിന്റെ മുഖത്ത് പരുക്കേൽക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന സമരത്തിന് ശേഷം പോലീസ് നേതാക്കളെ നീക്കം ചെയ്തു. രാഹുൽ ഗാന്ധിയെ രാത്രി 10 മണിയോടെയാണ് വിട്ടയച്ചത്. പ്രിയങ്ക ഗാന്ധിയെ മണ്ഡിർ മാർഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രാത്രി 9:45ഓടെ വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.


















































