താമരശ്ശേരി: പുലർച്ചെ വീടുകൾക്ക് മുന്നിലെത്തി കോളിങ് ബെല്ലടിക്കുകയും വീട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്യുന്ന അജ്ഞാതനെ തേടി അന്വേഷണം ശക്തമാക്കി പോലീസ്. മുഖം മറച്ച് പൂർണനഗ്നനായി എത്തിയ ഇയാളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞതോടെയാണ് പ്രദേശവാസികൾ ആശങ്കയിലായത്.
ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ വെഴുപ്പൂർ ഒതയോത്ത് ഭാഗത്തെ വീടുകൾക്ക് മുന്നിൽ സംഭവം നടന്നത്. സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമായ ഒരു വീട്ടിൽ ആദ്യം കിടപ്പുമുറിയുടെ ജനലിന് സമീപമെത്തിയ ഇയാൾ, പിന്നീട് വീടിന്റെ പിൻവശത്തുകൂടി മുന്നിലെത്തി കോളിങ് ബെല്ലടിക്കുകയായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ ഇയാൾ വീടിന്റെ ഒരുവശത്തേക്ക് മാറി. തുടർന്ന് വീട്ടുകാർ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും അതിനകം അജ്ഞാതൻ ഓടി രക്ഷപ്പെട്ടു.
ഏതാനും മാസങ്ങൾക്ക് മുൻപ് താമരശ്ശേരി കാരാടിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിനിയുടെ മുഖത്ത് അജ്ഞാതൻ തുണിയിൽ ശേഖരിച്ച ശുചിമുറി മാലിന്യം പുരട്ടിയ സംഭവവും പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരിപ്പുകളും മോഷ്ടിക്കുന്ന സംഭവങ്ങളും സമീപപ്രദേശങ്ങളിൽ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാത്രിയിൽ കോളിങ് ബെല്ലോ മറ്റ് അസ്വാഭാവിക ശബ്ദങ്ങളോ കേട്ടാൽ, പുറത്തുള്ള ആളെ ഉറപ്പാക്കിയ ശേഷമേ വാതിൽ തുറക്കാവൂ എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.


















































