ലഖ്നൗ: സർക്കാർ ജോലി നേടാൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ നിലയിൽ. 23കാരനായ ആനന്ദ് എന്ന യുവാവാണ് ജീവനൊടുക്കിയത്. ഉത്തർപ്രദേശിൽ നിന്ന് ബി.ടെകിൽ മൂന്നാം റാങ്കോടെയാണ് യുവാവ് പാസായത്. ഗോവിന്ദ് നഗറിലെ ഗുജൈനി പ്രദേശത്തുള്ള മൂന്നുനില വീടിന്റെ മുകളിലെ നിലയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
‘പപ്പാ എന്നോട് ക്ഷമിക്കണം, സർക്കാർ ജോലിക്കായി ഞാൻ അമ്പതോളം തവണ ശ്രമിച്ചു, പക്ഷേ എനിക്ക് വിജയിക്കാനായില്ല’ എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 2024ലാണ് ആനന്ദ് ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ഉയർന്ന മാർക്കോടെ ബി.ടെക് പൂർത്തിയാക്കിയത്. സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടിയതോടെ ഗോൾഡ് മെഡൽ നൽകി കോളേജും ആദരിച്ചിരുന്നു. ബി.ടെക് പഠനത്തിന് ശേഷം പവർ ഗ്രിഡിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയ ശേഷമായിരുന്നു യുവാവ് മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കാൻ തുടങ്ങിയതെന്ന് പിതാവ് രാജ്കുമാർ പറയുന്നു.
മകൻ 50ഓളം പരീക്ഷകൾ എഴുതിയെന്നും ഇതിലൊന്നും ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും പിതാവ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഗോവിന്ദ് നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അശോക് കുമാർ ദുബെ അറിയിച്ചു.






