കോഴിക്കോട്: തിരിഞ്ഞ് നോക്കാത്തവര്‍ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിന് ഇല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ ടി. പ്രദീപ് . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിന്റെ പ്രതികരണം. ‘നിരന്തര പ്രക്ഷോഭങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായി കെഎസ്‌യുക്കാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ജയിലില്‍ കിടന്നപ്പോള്‍ കെഎസ്‌യു നേതാക്കളെ കാണാന്‍ വരാത്ത ഒരേ ഒരാളാണ് കേരള മുഖ്യമന്ത്രി.
തിരിഞ്ഞു നോക്കാത്തവര്‍ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിന് ഇല്ല,’ എന്നാണ് പോസ്റ്റില്‍ പറയുന്നത്. അതേസമയം പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം കടുപ്പിച്ചതോടെ സംഘടനക്കുള്ളിൽ രൂക്ഷമായ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്.
കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി അടക്കമുള്ള മുഖ്യമന്ത്രി അനുകൂലികൾ നിലവിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ നീക്കമാണെന്ന് ആരോപിക്കുന്നു. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാല്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടും മുമ്പേ അലോഷ്യസ് സേവ്യര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍.
















































