ആലപ്പുഴ: ഓൺലൈൻ വായ്പ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി നഗ്നദൃശ്യങ്ങൾ ഉപയോഗിച്ച് പണം തട്ടിയ കേസിൽ ദമ്പതികളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ ബിബിനും പങ്കാളി സൗമ്യയുമാണ് പിടിയിലായത്. നൂറുകണക്കിന് സ്ത്രീകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
‘മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വായ്പാ പരസ്യം നൽകിയായിരുന്നു പ്രതികൾ ഇരകളെ കണ്ടെത്തിയത്. കുറഞ്ഞ പലിശയിൽ അതിവേഗം വായ്പ ലഭിക്കുമെന്ന വാഗ്ദാനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളാണ് കൂടുതലും കുടുങ്ങിയത്.
അഞ്ച് ലക്ഷം രൂപ വായ്പയ്ക്ക് 75,000 രൂപ പ്രോസസിങ് ഫീസ് ആവശ്യപ്പെടുകയും, അത് നൽകാൻ കഴിയാത്തവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് വിശ്വാസം നേടി സ്വകാര്യ ചിത്രങ്ങളും നഗ്നദൃശ്യങ്ങളും കൈക്കലാക്കിയശേഷം, അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ രീതി.
മൂന്ന് മാസം മുൻപ് പാലക്കാട് സ്വദേശിനി നൽകിയ പരാതിയെ തുടർന്നാണ് സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചത്. വിവിധ സംഘങ്ങളായി നടത്തിയ അന്വേഷണത്തിൽ, വഴിയരികിലെ കച്ചവടക്കാരുടെ പേരിലുള്ള സിം കാർഡുകളും മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും പണം നൽകി ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. വിവിധ ജില്ലകളിൽ താമസം മാറിമാറി നടത്തിയ പ്രവർത്തനമായതിനാൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
അറസ്റ്റിലായ ബിബിൻ ഏഴ് കവർച്ചാ കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ദമ്പതികൾ പിടിയിലായതിന് പിന്നാലെ സമാന തട്ടിപ്പിനിരയായ കൂടുതൽ സ്ത്രീകൾ പരാതിയുമായി മുന്നോട്ടുവരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.
















































