കൊച്ചി: ടാറ്റ നിക്ഷേപ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രി “എട്ടുകാലി മമ്മൂഞ്ഞ്” ആകരുതെന്നും വസ്തുതകൾ മനസ്സിലാക്കി മാത്രമേ പ്രഖ്യാപനങ്ങൾ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു.ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും മുഖ്യമന്ത്രിയ്ക്ക് വേണമെന്നും പി രാജീവ് പറഞ്ഞു.
ടാറ്റയുടെ അനുബന്ധ കമ്പനിയായ ആർട്‌സൺസ് സംബന്ധിച്ച പദ്ധതി കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പ്രഖ്യാപിച്ചതാണെന്നും, 2025-ലെ ഇൻവെസ്റ്റ് കേരള ഉച്ചകോടിയിലും അത് അവതരിപ്പിച്ചിരുന്നുവെന്നും പി. രാജീവ് പറഞ്ഞു. അതേ പദ്ധതിയെ ഇപ്പോൾ ‘മിഷൻ സമുദ്ര’യുടെ ഭാഗമായി പുതിയ പ്രഖ്യാപനമായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ടാറ്റ ഗ്രൂപ്പ് തന്നെ തള്ളിക്കളഞ്ഞത് അതീവ ഗൗരവമുള്ള കാര്യമാണെന്നും, ഇത്തരമൊരു വിശദീകരണം ടാറ്റയുടെ ഭാഗത്തുനിന്ന് ആദ്യമായാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടാറ്റ നിക്ഷേപ വിവാദത്തിൽ സംസ്ഥാന സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. മിഷൻ സമുദ്രയുടെ ഭാഗമായി വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണ് 10,000 കോടി രൂപയെന്ന പരാമർശത്തിലൂടെ മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും, ടാറ്റയുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രി നടത്തിയ പരാമർശത്തിന് പിന്നാലെ, കേരളത്തിലോ മറ്റെവിടെയെങ്കിലും പുതിയ കപ്പൽ നിർമാണശാലയ്ക്കായി നിലവിൽ നിക്ഷേപ പദ്ധതി ഇല്ലെന്നും 10,000 കോടി രൂപയുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
















































