തിരുവനന്തപുരം: കേരളം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള അപ്രതീക്ഷിത ഊർജപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ എം.ജി. രാജമാണിക്യം. മഴക്കുറവ്, രാജ്യവ്യാപക വൈദ്യുതി ക്ഷാമം, റെക്കോർഡ് വൈദ്യുതി ഉപഭോഗം എന്നിവ ഒരേസമയം ഉണ്ടായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എൽ നിനോ പ്രതിഭാസത്തെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ ഗണ്യമായി കുറഞ്ഞു. ഇതോടെ ജലവൈദ്യുതോൽപാദനം കുറഞ്ഞതിനൊപ്പം പവർ എക്സ്ചേഞ്ചിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഭരണകൂടം ഏതായാലും ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണയായി കേരളത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം 70 ദശലക്ഷം യൂണിറ്റാണ്. 75 മുതൽ 80 ദശലക്ഷം യൂണിറ്റ് വരെ തടസ്സമില്ലാതെ വിതരണം ചെയ്യാൻ കഴിയുന്ന സംവിധാനമുണ്ടെങ്കിലും ഇപ്പോൾ ഉപഭോഗം 90 ദശലക്ഷം യൂണിറ്റിനടുത്തെത്തിയിരിക്കുകയാണ്. ഈ അധിക ആവശ്യത്തിന് പുറത്തുനിന്ന് വൈദ്യുതി ലഭിക്കാത്തതാണ് പ്രധാന വെല്ലുവിളിയെന്ന് രാജമാണിക്യം പറഞ്ഞു.
കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ചിൽ നിന്ന് 4,000 മെഗാവാട്ട് വൈദ്യുതി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് 100 മെഗാവാട്ടിൽ താഴെ മാത്രമാണ്. രാജ്യത്തുടനീളമുള്ള വൈദ്യുതി ക്ഷാമം കാരണം എല്ലാ സംസ്ഥാനങ്ങളും വൈദ്യുതി വാങ്ങാൻ മത്സരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമോ, അതോ സാധാരണ നിരക്കിന്റെ ഏകദേശം 240 മടങ്ങ് വരെ വില നൽകി വൈദ്യുതി വാങ്ങണമോയെന്ന ദുഷ്കരമായ തീരുമാനമാണ് സംസ്ഥാനത്തിന് മുന്നിലുള്ളതെന്നും കെഎസ്ഇബി ചെയർമാൻ പറഞ്ഞു.
സർക്കാർ മാറിയതുകൊണ്ടല്ല ഈ പ്രതിസന്ധിയെന്നും കഴിഞ്ഞ പത്ത് വർഷമായി വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടില്ലാത്തത് ഇത്തരമൊരു അസാധാരണ സാഹചര്യം ഉണ്ടായിരുന്നില്ലാത്തതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും ഉയർന്ന വൈദ്യുതി ഉപഭോഗവും രാജ്യവ്യാപക വിതരണക്കുറവും ഒരുമിച്ച് നേരിടേണ്ടി വന്നത് കേരളത്തിന് ആദ്യ അനുഭവമാണെന്നും രാജമാണിക്യം മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കവെ പറഞ്ഞു.


















































