സൂറത്ത്: കുളിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലി തര്‍ക്കം, പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മകൻ. ഗുജറാത്തിലെ സൂറത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 12നാണ് സംഭവം. മകന്റെ ആക്രമണത്തിൽ സുഖ്‍ലാൽ ഓംകാർ ലാമോഡെയാണ് കൊല്ലപ്പെട്ടത്.
ഒളിവിലായിരുന്ന മകൻ ജീതു ലാമോഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഖ്‍ലാൽ ഓംകാറും ജീതുവും തമ്മിൽ വീട്ടിലെ കുളിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അടുക്കളയിൽ ഉണ്ടായിരുന്ന നിർമാണ ജോലികൾക്കുപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് ജീതു പിതാവിന്റെ കഴുത്തിൽ അടിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ സുഖ്‍ലാൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
തുടർന്ന് പ്രതി ഒളിവിൽ പോയി. സുഖ്‍ലാലിന്റെ ഭാര്യ ആശാബെൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ജീതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.






