ജെറുസലേം: ഇറാനുമായും ലെബനനിലെ ഹിസ്ബുള്ളയുമായും ഗാസയിലെ ഹമാസുമായും സംഘർഷം തുടരുന്നതിനിടയിൽ ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്. ഒക്ടോബർ 27-ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാലുവർഷത്തെ ഭരണകാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ തിരഞ്ഞെടുപ്പ്.
ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയിലെ പ്രമുഖ നേതാവ് ഓഫിർ കാറ്റ്സാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. നിലവിലെ പാർലമെന്റായ നെസെറ്റിന്റെ കാലാവധി ജൂലൈ 17-ന് അവസാനിക്കും. ഇതോടെ, കഴിഞ്ഞ അൻപത് വർഷത്തിനിടെ കാലാവധി പൂർത്തിയാക്കുന്ന ആദ്യ ഇസ്രയേൽ സർക്കാരെന്ന നേട്ടവും നെതന്യാഹു സർക്കാരിന് സ്വന്തമാകും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക സെപ്റ്റംബർ 7-നകം സമർപ്പിക്കണം.
അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പുറത്തുവന്ന അഭിപ്രായ സർവേകൾ ഇസ്രയേലിൽ കടുത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് സൂചന നൽകുന്നത്. ചാനൽ 12 ന്യൂസ് നടത്തിയ സർവേ പ്രകാരം നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കും ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ പാർട്ടിക്കും 23 സീറ്റുകൾ വീതം ലഭിക്കുമെന്നാണ് പ്രവചനം. 120 അംഗ നെസെറ്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളുടെ പിന്തുണ ആവശ്യമാണ്. നിലവിലെ കണക്കുകൾ പ്രകാരം ഒരു പാർട്ടിക്കോ മുന്നണിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ വീണ്ടും തൂക്കുസഭ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
2022 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്നാണ് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം അധികാരത്തിലെത്തിയത്. ലിക്കുഡ് ഉൾപ്പെടെയുള്ള വിവിധ വലതുപക്ഷ, മതയാഥാസ്ഥിതിക പാർട്ടികൾ ചേർന്ന സർക്കാർ 2022 ഡിസംബർ 29-നാണ് അധികാരമേറ്റത്. ഇസ്രയേൽ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ സ്വഭാവമുള്ള സർക്കാരുകളിലൊന്നായാണ് ഈ ഭരണകൂടത്തെ വിമർശകർ വിശേഷിപ്പിക്കുന്നത്. യുദ്ധവും സുരക്ഷാ വെല്ലുവിളികളും തുടരുന്നതിനിടയിലും കാലാവധി പൂർത്തിയാക്കി ജനവിധി തേടാൻ നെതന്യാഹു ഒരുങ്ങുന്നതോടെ ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായക പോരാട്ടമായി മാറുകയാണ്.

















































