കോഴിക്കോട്: നാദാപുരം അരൂരിലെ മാവേലി സ്റ്റോറിൽ വീണ്ടും പാമ്പുകടി. സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയായ വി.ടി. നിഷയ്ക്കാണ് ശനിയാഴ്ച വൈകീട്ടോടെ പാമ്പുകടിയേറ്റത്. കാലിൽ കടിയേറ്റ നിഷയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നാണ് വിവരം.
ഇതേ സ്റ്റോറിൽ രണ്ടാഴ്ച മുൻപ് ജീവനക്കാരിയായ മല്ലികയ്ക്കും സമാനമായി പാമ്പുകടിയേറ്റിരുന്നു. അന്ന് ജീവനക്കാരും റാപ്പിഡ് റെസ്‌പോൺസ് ടീമും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സ്റ്റോറിന്റെ പിൻഭാഗത്ത് നിരവധി പൊത്തുകളും മാളങ്ങളും ഉള്ളതും കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതുമാണ് പാമ്പുകൾ കയറാൻ കാരണമാകുന്നതെന്ന സംശയം ഉയർന്നിട്ടുണ്ട്. ഈ ഭാഗങ്ങളിൽ നിന്നാകാം പാമ്പുകൾ സ്റ്റോറിനുള്ളിലേക്ക് എത്തുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.
രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും ജീവനക്കാരിക്ക് പാമ്പുകടിയേറ്റതോടെ സ്റ്റോറിലെ ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും കടുത്ത ആശങ്കയിലാണ്. പ്രദേശത്ത് അടിയന്തരമായി സമഗ്ര പരിശോധന നടത്തി പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

















































