മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി മെൽബണിൽ സംഘടിപ്പിച്ച വമ്പൻ പ്രവാസി സംഗമത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ഇന്ത്യയുടെ സുരക്ഷാ നിലപാടുകളും വികസന കാഴ്ചപ്പാടും പ്രസംഗത്തിൽ പ്രധാനമന്ത്രി വിശദീകരിച്ചു.
‘ഓപ്പറേഷൻ സിന്ദൂർ’ പരാമർശിച്ച പ്രധാനമന്ത്രി, “ഭീകരരുടെ ഒളിയിടങ്ങളിലാണ് സ്ഫോടനം നടന്നത്. എന്നാൽ ഇതിന്റെ പ്രകമ്പനം ലോകം മുഴുവൻ എത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഈ പ്രതിരോധ ശേഷിയിൽ നിങ്ങൾക്കേവർക്കും അഭിമാനമില്ലേയെന്ന്” സദസിനോട് ചോദിച്ചു. “കൂടുതൽ വളരൂ, കൂടുതൽ നേട്ടം കൈവരിക്കൂ’ എന്നതാണ് പുതിയ ഇന്ത്യയുടെ മുദ്രാവാക്യം” എന്നും അദ്ദേഹം പറഞ്ഞു.
മുപ്പതിനായിരത്തോളം പ്രവാസികളാണ് പ്രധാനമന്ത്രിയെ വരവേൽക്കാൻ എത്തിയത്. പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് ഓസ്ട്രേലിയ സന്ദർശിക്കുന്നതെന്നും ഓസ്ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണെന്നും മോദി പറഞ്ഞു.
അതേസമയം, ഇന്ത്യയിലെ ആണവോർജ പദ്ധതികൾക്കാവശ്യമായ യുറേനിയം വിതരണം സംബന്ധിച്ച ഭരണപരമായ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. ഇന്ത്യയുടെ ആണവോർജ ഉൽപ്പാദനം വർധിപ്പിക്കാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. നേരത്തെ കാനഡയുമായും ഇന്ത്യ സമാന കരാറിൽ ഏർപ്പെട്ടിരുന്നു.
പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രസ്താവനയും ഇരു രാജ്യങ്ങളും പുറത്തിറക്കി. ഇൻഡോ-പസഫിക് മേഖലയിൽ സമാധാനവും സമുദ്രസുരക്ഷയും ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സേനകളുടെ ആധുനികവൽക്കരണത്തിന് സഹായകമായ പ്രതിരോധ ഇടനാഴി സ്ഥാപിക്കാനും ധാരണയായി.
സമഗ്ര സാമ്പത്തിക സഹകരണ കരാറിലേക്കുള്ള നടപടികൾ വേഗത്തിലാക്കാനും ഓസ്ട്രേലിയയിൽ നിന്ന് കൂടുതൽ ക്രിട്ടിക്കൽ ധാതുക്കൾ, എൽഎൻജി, ഡീസൽ എന്നിവ ഇന്ത്യ ഇറക്കുമതി ചെയ്യാനുമാണ് തീരുമാനം. വിക്ടോറിയയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം “നരേന്ദ്ര മോദി ഓസ്ട്രേലിയയുടെ അടുത്ത സുഹൃത്താണ്” എന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു.
സന്ദർശനത്തിനിടെ ഓസ്ട്രേലിയയിലെ പ്രമുഖ വ്യവസായികളുമായും മോദി കൂടിക്കാഴ്ച നടത്തി. പെൻഷൻ ഫണ്ട് മാനേജ്മെന്റ് കമ്പനിയായ ഓസ്ട്രേലിയൻസൂപ്പർ ഇന്ത്യയിൽ 2,800 കോടി രൂപ നിക്ഷേപിക്കുമെന്ന പ്രഖ്യാപനത്തെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
















































