ജയ്പൂർ: കുടുംബത്തിലെ സ്വത്ത് കൈവശപ്പെടുത്താനും പിതാവിന്റെ മരണത്തെ തുടർന്നു ലഭിച്ച സർക്കാർ ജോലി സ്വന്തമാക്കാനും വേണ്ടി 23-കാരിയായ മകൾ സ്വന്തം അമ്മയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നാണ്. മൂന്നു മാസത്തോളം ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായി, ജൂലൈ 3-ന് പ്രതാപ് നഗർ പ്രദേശത്ത് 45-കാരിയായ നീരാജ് ശർമ്മയെ അതിവേഗത്തിൽ പായിച്ച എസ്‌യുവി ഇടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മരിച്ച നീരാജിന്റെ മകൾ ആയുഷി, അവളുടെ പിതൃസഹോദരൻ മോഹൻ സ്വരൂപ് (56), കൂലിക്കൊലയാളിയെന്ന് ആരോപിക്കപ്പെടുന്ന ഹേമന്ത് ശർമ്മ (20) എന്നിവരടക്കം നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. മോഹൻ സ്വരൂപിന്റെ മകനും ആയുഷിയുടെ കസിനുമായ ബലറാം അഥവാ രവി ഒളിവിലാണ്. കൊലപാതകത്തിനുപയോഗിച്ച എസ്‌യുവിയും പോലീസ് പിടിച്ചെടുത്തു.
ഒരു വർഷം മുമ്പ് മരിച്ച നീരാജിന്റെ ഭർത്താവ് വിജയ് കുമാർ ശർമ്മ കോടതി ജീവനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ആശ്രിത നിയമനമായി ഭാര്യായ നീരാജിന് സർക്കാർ ജോലി ലഭിച്ചിരുന്നു. ഈ ജോലി സ്വന്തമാക്കാനാണ് ആയുഷി അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്. അമ്മ തന്റെ ഭാവി നശിപ്പിച്ചുവെന്നാണ് ആയുഷി കരുതിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യം വാടകയ്ക്ക് എടുത്ത എസ്‌യുവി ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്ന് ബലറാം മറ്റൊരു വാഹനം കണ്ടെത്തി. തുടർന്ന് ഏകദേശം ഒരു മാസം നീരാജിനെ നിരീക്ഷിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഇതിനിടെ, മകളുടെ അപകടകരമായ പ്രവണതയെക്കുറിച്ച് നീരാജ് മുൻകൂട്ടി സംശയം പ്രകടിപ്പിച്ചിരുന്നു. ഭാരത്പൂരിലെ ബയാനയിൽ താമസിക്കുന്ന സഹോദരൻ രാകേഷ് കുമാർ ശർമ്മയോട്, ആയുഷി അപകടകരമായ വഴിയിലേക്ക് പോകുകയാണെന്ന് അവൾ പറഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്നു നത്തിയ അന്വേഷണത്തിൽ മൂന്നു പ്രതികളും ചേർന്ന് 7 ലക്ഷം രൂപയ്ക്ക് വാടക കൊലയാളിയായ ഹേമന്ത് ശർമ്മയെ കൊല നടത്താൻ ഏർപ്പെടുത്തിയതായും, ഇയാൾ പിന്നീട് നാലുപേരെ കൂടി ഉൾപ്പെടുത്തി സംഘമൊരുക്കിയതായും പോലീസ് വ്യക്തമാക്കി.
ജൂലൈ 3-ന് വൈകിട്ട് 4.45-ഓടെ, വൈകല്യമുള്ള മകനെ കോച്ചിംഗ് ക്ലാസിലേക്ക് എത്തിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നീരാജിനെ അതിവേഗത്തിൽ എത്തിയ എസ്‌യുവി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഏകദേശം 100 അടി ദൂരം തെറിച്ചുവീണ നീരാജ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വാഹനം ഇടിച്ച് കടന്നുപോകുന്നതും അതിവേഗത്തിൽ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ഇതിനിടെ നീരാജിന്റെ സഹോദരൻ രാകേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് കൊലപാതകമെന്നു സംശയിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. സ്വത്തുമായി ബന്ധപ്പെട്ട് മകൾ, അമ്മായിയമ്മ, അനന്തരവൻ ബലറാം എന്നിവർ നീരാജിനെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
















































