തിരുവനന്തപുരം: യാത്ര തടസമുണ്ടാക്കിയ മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി. ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നുപേർ കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിന്നു. കൂടാതെ പിപി ചിത്തരഞ്ജൻ 1600 രൂപ പിഴയും അടച്ചു. തിരുവനന്തപുരത്ത് ഗതാഗത തടസമ ഉണ്ടാക്കി വഴി തടഞ്ഞ കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് ആണ് ശിക്ഷ വിധിച്ചത്.
ചിത്തരഞ്ജനെ കൂടാതെ സിഐടിയു നേതാക്കൾ ആയ പി. എം. വഹീദ, എൻ. കെ. രാമചന്ദ്രൻ എന്നിവർക്കാണു ശിക്ഷ വിധിച്ചത്. സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക, അവരുടെ ശമ്പളം പരിഷ്ക്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസം ഉണ്ടാക്കി വഴി തടഞ്ഞു പ്രകടനം നടത്തിയെന്നാണ് കേസ്. 2025 ജനുവരി 17നാണ് സംഭവം നടന്നത്.

















































