കൊച്ചി: വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ ഭർത്താവ് മുഹമ്മദ് ഫർഹാന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി വീണ്ടും നീട്ടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിവാഹം നടന്ന സമയത്ത് യുവതി പ്രായപൂർത്തിയായിരുന്നില്ലെന്ന പരാതിയെ തുടർന്നാണ് മധ്യപ്രദേശ് പൊലീസ് മുഹമ്മദ് ഫർഹാനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ മുൻകൂർ ജാമ്യം തേടി മധ്യപ്രദേശിലെ കോടതിയെ സമീപിക്കാൻ അവസരം നൽകുന്നതിനായി നേരത്തെ കേരള ഹൈക്കോടതി ഒരു മാസത്തേക്ക് ഫർഹാന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
എന്നാൽ മധ്യപ്രദേശ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളപ്പെട്ടതോടെ അറസ്റ്റ് വിലക്ക് വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ട് ഫർഹാൻ ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. എന്നാൽ മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ ഇടപെടാൻ നിയമപരമായ പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
ഇതോടെ മുഹമ്മദ് ഫർഹാനെതിരെ തുടർനിയമനടപടികളുമായി മുന്നോട്ടുപോകാൻ മധ്യപ്രദേശ് പൊലീസിന് വഴി തെളിഞ്ഞു.















































