ബെംഗളൂരു: വീട്ടിലെ കഞ്ചാവ് കച്ചവടം എതിർത്ത മുത്തശ്ശിയെ 26 കാരൻ കൊച്ചുമകൻ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ ശിവമോഗയിലാണ് ബുധനാഴ്ച വൈകിട്ട് ദാരുണമായ സംഭവമുണ്ടായത്. സംഭവത്തിൽ മിലാഘട്ട് വാർഡിൽ താമസിക്കുന്ന സുശീല (55)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ കിഷോറിനെ പോലീസ് വെടിവച്ച് പിടികൂടി.
പോലീസ് നൽകുന്ന വിവരപ്രകാരം കിഷോർ വീട്ടിൽ കഞ്ചാവ് കച്ചവടം ചെയ്തിരുന്നു. എന്നാൽ ഇതിനെ സുശീല ആദ്യം മുതൽക്കേ എതിർത്തിരുന്നു. ലഹരി ഉപയോഗിക്കുമായിരുന്ന കിഷോർ പലപ്പോഴും മുത്തശ്ശിയുമായി വഴക്കിട്ടിരുന്നു. സംഭവ ദിവസവും ഇരുവരും വഴക്കിടുകയും കഞ്ചാവു വിൽക്കുന്ന കാര്യം പോലീസിന് ഒറ്റുമെന്ന് സുശീല ചെറുമകനെ അറിയിച്ചു. തുടർന്ന് വീടിനു പുറത്തേക്ക് ഇറങ്ങിയ മുത്തശ്ശിയെ കിഷോർ പിന്തുടരുകയായിരുന്നു.
നടന്നു നീങ്ങിയ ഇവരെ പിന്നിൽനിന്നും റോഡിലേക്ക് തള്ളിയിട്ട ശേഷം വലിയ കല്ലെടുത്ത് തലയിൽ ഇടിച്ചാണ് കൊലപ്പെടുത്തിയത്. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നാലെ കിഷോർ ഒളിവിൽ പോയി. തുടർന്ന് സ്ഥലം വളഞ്ഞ പോലീസ് കിഷോറിനെ കണ്ടെത്തി. എന്നാൽ അറസ്റ്റിനിടെ പോലീസ് ഉദ്യോഗസ്ഥനെ കിഷോർ ആക്രമിച്ചതിനെ തുടർന്ന് കാലിൽ വെടിവച്ച് കീഴ്പ്പെടുത്തി. നിലവിൽ കിഷോർ ആശുപത്രിയിൽ ചികിത്സയിലാണ്.















































