രാജ്ഘോട്ട്: ഗുജറാത്തിലെ രാജ്ഘോട്ടിൽ സ്ത്രീവേഷം ധരിച്ച് പ്രണയം നടിച്ച് വർഷങ്ങളായി വഞ്ചിച്ച യുവാവിനെ കാമുകൻ തല്ലിക്കൊന്നു. സംഭവത്തിൽ പ്രതിയായ പിയൂഷ് കുമാർ ഖാർവാർ (20)നെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാൾ ചന്ദൻ കുമാർ യുവാവ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ജൂൺ 25-ന് മസ്‌കട് ഫാടക് റെയിൽവേ മതിലിന് സമീപം സ്ത്രീവേഷം ധരിച്ച നിലയിൽ ജീർണ്ണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ആദ്യം ഇതൊരു അപകടമരണമാണെന്ന് കരുതിയാണ് കേസ് രേഖപ്പെടുത്തിയതെങ്കിലും പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയിലേറ്റ ഗുരുതര പരുക്കുകളാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- ഫേസ്ബുക്കിൽ ‘നിഷ’ എന്ന പേരിലും ഇൻസ്റ്റഗ്രാമിൽ ‘പൂനം’ എന്ന പേരിലും കൊല്ലപ്പെട്ട യുവാവ് പിയൂഷുമായി ബന്ധം സ്ഥാപിച്ചു. എന്നാൽ ഈ അക്കൗണ്ടുകൾക്ക് പിന്നിൽ ചന്ദൻ കുമാർ എന്ന യുവാവാണെന്ന് പിയൂഷ് അറിഞ്ഞിരുന്നില്ല. സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം തുടരുകയും സ്ത്രീയെന്ന വ്യാജേന പിയൂഷിന്റെ വിശ്വാസം നേടിയെടുക്കുകയും ചെയ്ത ചന്ദൻ യുവാവിനൊപ്പം താമസം ആരംഭിച്ചു. മൂന്നു വർഷത്തോളം ഇരുവരുമ ഒരുമിച്ച് താമസിച്ചെങ്കിലും ശാരീരികമായ അടുപ്പത്തിൽ നിന്ന് ഒഴിവാകാൻ ചന്ദൻ മതപരമായ വ്രതങ്ങൾ കാരണമായി പറഞ്ഞു പീയുഷിനെ തെറ്റിദ്ധരിപ്പിച്ചു. ഇതിനിടെ ചന്ദനെ തന്റെ ഭാര്യയായി അംഗീകരിച്ച പിയൂഷ് വിവാഹ ചടങ്ങുകളുടെ ഭാഗമായി സിന്ദൂരം പോലും അണിയിച്ചിരുന്നു. എന്നാൽ ഒരിക്കൽ ചന്ദൻ ഷേവ് ചെയ്യുന്നത് നേരിട്ട് കണ്ടതോടെയാണ് തന്റെ കൂടെ കഴിയുന്നത് ഒരു പുരുഷനാണെന്ന സത്യം പിയൂഷ് തിരിച്ചറിഞ്ഞത്. സത്യം പുറത്തായതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാവുകയും തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തു.
തുടർന്ന് താമസസ്ഥലം വിട്ടിറങ്ങിയ പിയൂഷിനെ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പിന്തുടർന്നെത്തിയ ചന്ദൻ ഒടുവിൽ രാജ്‌കോട്ടിലെ പദ്‌വാലയിൽ പീയുഷ് ജോലി ചെയ്യുന്ന ഫാക്ടറിയിലുമെത്തി. ജൂൺ 21-ന് പിയൂഷിന്റെ ജോലിസ്ഥലത്ത് വെച്ച് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ പിയൂഷ് ചന്ദനെ റെയിൽവേ ട്രാക്കിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി വലിയ കല്ലുകൾ കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പേർട്ട് ചെയ്തു. തുടർന്ന് മൃതദേഹം പാറക്കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച ശേഷം പിയൂഷ് ജോലി സ്ഥലത്തേക്ക് മടങ്ങിപോയി. അതേസമയം ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള പ്രണയബന്ധം ലക്ഷ്യമിട്ടാണ് ചന്ദൻ ഇത്തരത്തിൽ വേഷം മാറി തന്നെ ചതിച്ചതെന്നാണ് പിയൂഷ് നൽകിയ മൊഴിയിൽ പറയുന്നത്.














































