കോഴിക്കോട്: ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തിയിരുന്നയാൾ പൊലീസിന്റെ പിടിയിലായി. ഒഡീഷ സ്വദേശിയും കോഴിക്കോട് ജില്ലയിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയുമായിരുന്ന പ്രസൽ പ്രഥാൻ (47) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 11 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള എ.സി.പി. സ്ക്വാഡും ഫറോക്ക് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കൊമ്മേരിയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രസൽ, ഭുവനേശ്വറിൽ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട് നഗരത്തിലും ഫറോക്ക് മേഖലയിലെ വിവിധ ഭാഗങ്ങളിലുമായി വിതരണം ചെയ്തുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെയിന്റിങ് ജോലിയുടെ മറവിലായിരുന്നു മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇടയ്ക്കിടെ നാട്ടിലേക്ക് പോയിരുന്ന ഇയാൾ, മടങ്ങിവരുമ്പോൾ പരിശോധന ഒഴിവാക്കാൻ പുലർച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പർ ബസുകളാണ് പതിവായി ഉപയോഗിച്ചിരുന്നത്. രാമനാട്ടുകരയിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് പോകുന്നതായിരുന്നു ഇയാളുടെ സ്ഥിരം രീതി.














































