മുംബൈ: ചെമ്പൂരിൽ സ്കൂൾ ബസിന് മുകളിൽ വൻ വൃക്ഷം വീണ് 11-കാരനായ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ ശക്തമായ വിമർശനം ഉയരുന്നതിനിടെ വിവാദ പരാമർശവുമായി സാമൂഹ്യനീതി മന്ത്രി സഞ്ജയ് ശിർസാത്ത്. സംഭവത്തെ കുറിച്ച് ആദ്യമായി പ്രതികരിക്കുമ്പോൾ അദ്ദേഹം സർക്കാരിന്റെ ഭാഗത്ത് നിന്ന് സഭയിൽ വിശദീകരണം നൽകുമെന്നും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാൽ പിന്നീട് മാധ്യമങ്ങൾ വീണ്ടും ചോദ്യങ്ങൾ ചോദിച്ചതോടെയാണ് മന്ത്രിയുടെ വിവാദ പ്രതികരണമെത്തിയത്.
“ഒരു മരമോ, ഇടിമിന്നലോ വീഴുന്നത് മനുഷ്യന്റെ നിയന്ത്രണത്തിൽ ഉള്ള കാര്യമല്ല. ഏത് മരമാണ് എപ്പോൾ വീഴുമെന്ന് ആരും മുൻകൂട്ടി പറയാനാവില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചൊവ്വാഴ്ച ഉച്ചയോടെ ചെമ്പൂരിൽ 70 വർഷം പഴക്കമുള്ളതായി കരുതുന്ന ഒരു വലിയ വൃക്ഷം സ്കൂൾ ബസിന് മുകളിൽ പതിക്കുകയായിരുന്നു. യൂണിവേഴ്സൽ ഹൈസ്കൂളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ വിഹാൻ ശ്രീവാസ്തവ് എന്ന 11-കാരൻ മരിക്കുകയും ചെയ്തു. രക്ഷപ്പെടുത്തിയ കുട്ടികളിൽ നാലുപേർക്ക് നിസ്സാര പരുക്കുകളും ഒരാൾക്ക് ഗുരുതര പരുക്കുകളും പറ്റി. പരുക്കേറ്റ എല്ലാവരെയും ഉടൻ സെൻ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി.
അതേസമയം മരങ്ങളുടെ ഓഡിറ്റ് നടത്തുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമല്ലേയെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഓഡിറ്റ് നടത്താറുണ്ട് എന്നായിരുന്നു മന്ത്രിയുടെ മറുപടി. പ്രദേശവാസികൾ ഓഡിറ്റ് ശരിയായി നടന്നിട്ടില്ലെന്ന് ആരോപിക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം അത് നിഷേധിച്ചു. “മരങ്ങൾ വീഴുന്നത് സ്വാഭാവിക സംഭവമാണ്. ചിലപ്പോൾ കാറ്റ് ശക്തമായാൽ മരങ്ങൾ വീഴാം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ഇത് ദാരുണമായ അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി വിമർശിച്ച് ശരദ് പവാർ വിഭാഗത്തിന്റെ വക്താവ് ക്ലൈഡ് കാസ്ട്രോ രംഗത്തെത്തി. ഒരു കുട്ടി മരിച്ച സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രതികരണം അത്യന്തം വേദനാജനകവും ലജ്ജാകരവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഉത്തരവാദിത്തമാണ്. ഓരോ മഴക്കാലത്തിനുമുമ്പും മരങ്ങളുടെ പരിശോധന നടത്തണം. അത് ശരിയായി നടന്നില്ലെന്നാണ് റിപ്പോർട്ടുകളെന്നും കാസ്ട്രോ പറഞ്ഞു.
ഇതിനിടെ മഹാരാഷ്ട്ര മന്ത്രി യോഗേഷ് കദം സംഭവത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. “ഇത് ദൗർഭാഗ്യകരമായ സംഭവമാണ്. ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകും. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി എംഎൽഎ സഞ്ജയ് ഉപാധ്യായും സംഭവം ദാരുണമാണെന്ന് പ്രതികരിച്ചു. മഴക്കാലത്ത് മരങ്ങൾ സമയത്ത് വെട്ടേണ്ടത് അനിവാര്യമാണെന്നും അവഗണന ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മരങ്ങളെ സംരക്ഷിക്കുന്നത് പ്രധാനമാണ്, എന്നാൽ മനുഷ്യജീവിതം അതിലും വിലപ്പെട്ടതാണ്. ദുർബലമായ മരങ്ങൾ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുകയും പരിപാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















































