കരീംനഗർ: തെലങ്കാനയിലെ കരീംനഗറിൽ 52-കാരനെ കൊലപ്പെടുത്തിയ കേസിൽ 40-കാരൻ അറസ്റ്റിൽ. കർഷകത്തൊഴിലാളിയായ പൈതാരി മൊഗിലിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ബംഗാരപ്പു മഹേഷിനെ പൊലീസ് പിടികൂടിയത്. പ്രതിയുടെ സുഹൃത്തായ സ്ത്രീയെ നിരന്തരം ശല്യപ്പെടുത്തിയതും ഇരുവരുടെയും ബന്ധത്തെക്കുറിച്ച് നാട്ടിൽ പ്രചരിപ്പിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
പ്രദേശവാസിയായ ഒരു സ്ത്രീയുമായി മഹേഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ വർഷം മൊഗിലി ഈ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷവും സ്ത്രീയെ ശല്യപ്പെടുത്തുന്നത് തുടർന്നതായും, മഹേഷും സ്ത്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്തിരുന്നുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ഒരാളെ എങ്ങനെ കൊലപ്പെടുത്താമെന്നതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ പ്രതി യൂട്യൂബിൽ കണ്ടിരുന്നതായും പൊലീസ് പറഞ്ഞു. തുടർന്ന് ശനിയാഴ്ച രാത്രി മുഹറം ആഘോഷം കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൊഗിലിയെ റോഡരികിൽ കാത്തുനിന്ന മഹേഷ്, കൈവശമുണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ നിലത്തുവീണ മൊഗിലിയെ വീണ്ടും മർദിച്ചശേഷം മരണം ഉറപ്പാക്കി പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. വീട്ടിലെത്തി രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റിയശേഷം നാടുവിടാൻ ശ്രമിച്ച മഹേഷിനെ പിന്നീട് അന്വേഷണസംഘം പിടികൂടുകയായിരുന്നു.


















































