മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷ്ടിച്ചത് മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) തന്നെയാണെന്ന് കൊണ്ടോട്ടി എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിലും മറ്റ് സ്ഥലങ്ങളിലുമായി വിവിധ സമയങ്ങളിൽ ലഭിച്ച് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്ന എട്ട് പവനോളം സ്വർണാഭരണങ്ങളാണ് കാണാതായത്. സംഭവത്തെ തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് മുൻ എസ്എച്ച്ഒയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായത്.
നിലവിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനാണ് സ്വർണം കൈക്കലാക്കിയതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ നിഗമനം. സംഭവം പുറത്തറിയാനിടയായതോടെ സ്വർണം വീണ്ടും സ്റ്റേഷനിൽ തിരികെ വെക്കാൻ ഇയാൾ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സ്വർണം എടുത്തത് മനപ്പൂർവമല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് മുൻ എസ്എച്ച്ഒ അന്വേഷണസംഘത്തോട് വിശദീകരിച്ചത്. എന്നാൽ ഈ വാദം അന്വേഷണ റിപ്പോർട്ടിൽ അംഗീകരിച്ചിട്ടില്ല.
2018-ന് മുൻപും ശേഷവും വിവിധ കാലഘട്ടങ്ങളിലായി സ്റ്റേഷനിൽ ലഭിച്ച സ്വർണാഭരണങ്ങളാണ് കാണാതായതെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ കൃത്യവിലോപത്തിന്റെ പേരിൽ സസ്‌പെൻഷനിലായിരുന്ന ഉദ്യോഗസ്ഥൻ, സ്വർണം തിരികെ നൽകി നടപടിയിൽ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചതായും എഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ മുൻ എസ്എച്ച്ഒയ്‌ക്കെതിരെ വകുപ്പുതല നടപടികൾക്കൊപ്പം ക്രിമിനൽ നടപടികളും സ്വീകരിക്കുമോയെന്ന കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ തീരുമാനം നിർണായകമാകും.

















































