കോതമംഗലം: മൂവാറ്റുപുഴയാറിൽ മരിച്ച വിജിയുടെ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി. വെള്ളിയാഴ്ചയാണ് വിജിയുടെയും രണ്ടരവയസുകാരൻ മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനു പിന്നാലെ, വിജിയുടെ ഭർത്താവ് നാരായണനും രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂത്തമകളും എവിടെയെന്ന ചോദ്യം ഉയർന്നിരുന്നു. ഇതോടെ ഇവർക്കായുള്ള തിരച്ചിലും ആരംഭിച്ചു. ഫയർഫോഴ്സ് മൂവാറ്റുപുഴയാറിൽ നടത്തിയ തിരച്ചിലിനിടെ ഇന്ന് ഉച്ചയോടെയാണ് നാരായണന്റെ മൃതദേഹം ലഭിച്ചത്. ഇവരുടെ മൂത്തകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
വിജിയ്ക്ക് കാഴ്ച പരിമിധിയുണ്ടായിരുന്നു. മുളംകുളം പാലത്തിന് സമീപമായിരുന്നു വിജിയുടെയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്.
പാലക്കാട് സ്വദേശിയായ നാരായണനും കുടുംബവും കോതമംഗലത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പെട്ടെന്ന് ആ വീട് അവർക്ക് ഒഴിഞ്ഞു കൊടുക്കേണ്ടതായി വന്നു. സാമ്പത്തീകമായി ഏറെ പ്രയാസങ്ങൾ അനുഭിച്ചിരുന്ന കുടുംബം ആരാധാനാലയങ്ങളിൽ കേന്ദ്രീകരിച്ച് അവിടെ വരുന്നവരുടെ കാരുണ്യത്താൽ കൊടുക്കുന്ന തുകകൊണ്ടൊക്കെയാണ് ജീവിച്ചിരുന്നത്. അതിനിടെ, താമസിച്ചിരുന്ന വീട് മാറേണ്ടി വന്നത് കുടുംബത്തെ പ്രയാസത്തിലാക്കി. ഇതേതുടർന്ന് ഇവർ കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി തങ്ങളുടെ അവസ്ഥ പറയുകയും അവിടുത്തെ പോലീസുകാർ ആവശ്യമായ വസ്ത്രവും മറ്റും വാങ്ങി നല്കുകയും ഒരു വീട് താമസത്തിനായി കണ്ടെത്തി നൽകുകയും ചെയ്തു. അവിയേയ്ക്ക് മാറാനിരിക്കുന്നതിനിയെയാണ് ഭാര്യയുടെയും ഭർത്താവിന്റെയും ഇളയ കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടുകിട്ടിയിരിക്കുന്നത്.
കുടുംബം ഒന്നിച്ച് ജീവനൊടുക്കിയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.















































