കാസർകോട്: വ്യാജ ചികിത്സയും നടത്തിയെന്ന പരാതിയിൽ ഉസ്താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ മിന്നൽ പരിശോധന. ചെർക്കളയിലെ ‘ദാറുൽ അമാൻ’ എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യപരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് വിദ്യാനഗർ പൊലീസിന് കൈമാറിയതോടെയാണ് പരിശോധന ആരംഭിച്ചത്. വീടിന് മുന്നിൽ ക്ലിനിക്കിന്റെ ബോർഡ് സ്ഥാപിച്ചിരുന്നതായും മുൻകൂട്ടി ടോക്കൺ എടുത്ത ശേഷമാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
രോഗശാന്തിക്കായി എത്തിയവർക്ക് മന്ത്രിച്ച വെള്ളവും തേനും നൽകിയിരുന്നുവെന്ന് ഉസ്താദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ആളുകളുടെ വിശ്വാസത്തെ മുതലെടുത്താണ് ചികിത്സയുടെ പേരിൽ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ജപിച്ച് ഊതിയ വെള്ളവും തേനും നൽകാൻ ഉപയോഗിച്ചിരുന്ന നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികളും ബോട്ടിലുകളും വീട്ടിൽ നിന്ന് കണ്ടെത്തി.
വലിയ കെട്ടുകളായാണ് ഇവ സൂക്ഷിച്ചിരുന്നത്. മുട്ടയിലെ പ്രയോഗങ്ങളും ഇവിടെ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറികളും പൊലീസ് പിടിച്ചെടുത്തു. പേരും അസുഖ വിവരങ്ങളുമാണ് ഇതിൽ രേഖപ്പെടുത്തിയിരുന്നത്. ചിലയിടങ്ങളിൽ “പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരി” എന്ന കുറിപ്പുകളും അന്വേഷണസംഘം കണ്ടെത്തി.
വീട്ടിലെ ചുവരിൽ തൂക്കിയിരുന്ന സർട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഒരാഴ്ച മാത്രം ദൈർഘ്യമുള്ള വെൽനസ് കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ചികിത്സ നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ആ കോഴ്‌സിൽ താൻ പൂർണമായി പങ്കെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ ഉസ്താദ് സമ്മതിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.
















































