വാഷിംഗ്ടൺ: ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിട്ടതിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് താനെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർകയും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ചേർന്ന് നാമകരണ ഫലകം അനാവരണം ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രംപ് പ്രതികരിച്ചത്. “ഇന്ത്യയിലെ ഹൈദരാബാദിലെ പുതിയ ഡൊണാൾഡ് ട്രംപ് അവന്യൂ. ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റ്. നന്ദി!” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന പേര് നൽകിയത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ പ്രമുഖ അമേരിക്കൻ ഐടി കമ്പനികളുടെ ഓഫീസുകൾക്ക് സമീപത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. ഇന്ത്യ-അമേരിക്ക ബന്ധത്തിൽ ഹൈദരാബാദിന്റെ വളർന്നുവരുന്ന പ്രാധാന്യത്തിന്റെ പ്രതീകമായാണ് ഈ നാമകരണമെന്ന് തെലങ്കാന സർക്കാർ വിശദീകരിച്ചു.
എന്നാൽ ഈ തീരുമാനത്തിനെതിരെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തെ വിമർശിച്ചിരുന്ന ട്രംപിന്റെ പേര് ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാർ റോഡിന് നൽകുന്നത് കാപട്യമാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം, അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാനും ആഗോള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നാണ് തെലങ്കാന സർക്കാരിന്റെ വിശദീകരണം.

















































