മുംബൈ: ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സഹയാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ചർച്ച്‌ഗേറ്റ്–നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലായിരുന്നു സംഭവം.
മഴ പെയ്യുന്നതിനിടെ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ 21 വയസ്സുകാരനായ മായങ്ക് ലോഹറാണ് മരിച്ചത്.
പ്രതിയായ റോഷൻ സുവർണയെ കുർളയിൽ നിന്ന് പൊലീസ് പിടികൂടി. തർക്കം രൂക്ഷമായതിനെ തുടർന്ന് ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാർ പ്രതിയെ കൈയേറ്റം ചെയ്തതായി റിപ്പോർട്ടുണ്ട്. ഇതിൽ പ്രകോപിതനായ പ്രതി ബാഗിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് മായങ്കിനെ കുത്തുകയായിരുന്നുവെന്നാണ് അന്വേഷണ വിവരം. ഗുരുതരമായി പരിക്കേറ്റ മായങ്ക് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ കൈയിൽ കത്തിയുമായി നിൽക്കുന്ന പ്രതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യുവാവ് നിലത്ത് വീണ് കിടക്കുന്നതിനിടെ മറ്റ് യാത്രക്കാർ ഭയന്ന് മാറിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്.
വിവരം ലഭിച്ചതിനെ തുടർന്ന് ബോറിവലി റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ദത്ത ഖുപ്രേക്കറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
















































