മുംബൈ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ ട്രക്കിങിനിടെ പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയത് ഏറെനാൾ നീണ്ട ആസൂത്രിത നീക്കത്തിനൊടുവിലെന്ന് പോലീസ്. ബിസിനസുകാരനായ കേതൻ അഗർവാളിനെ (26) പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നൂറിലേറെ അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തന്റെ പ്രണയത്തിന് കേതൻ തടസമാകുമെന്ന് കരുതിയാണ് ഇവർ കേതനെ വധിക്കാൻ പദ്ധതിയിട്ടതെന്നും മുമ്പും ഇത്തരത്തിൽ പലതവണ യുവാവിനെ കൊലപ്പെടുത്താൻ ഇവർ ആസുത്രണം നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
ഈമാസം18-നാണ് ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ കാൽവഴുതി കൊക്കയിലേക്കു വീണ് കൊല്ലപ്പെട്ടത്. എന്നാൽ അതിന് മുൻപ് തന്നെ പലതവണ ഇവർ കേതനെ വധിക്കാൻ ശ്രമിച്ചിരുന്നതായാണ് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ തവണയും പല പല കാരണങ്ങൾകൊണ്ട് മരണം അകന്നകന്ന് പോവുകയായിരുന്നു.
അതേസമയം കേതനെ അപായപ്പെടുത്താനുള്ള ആദ്യ ശ്രമം നടന്നത് മെയ് 31-നായിരുന്നു. അന്ന് ലോഹഗഡ് കോട്ടയുടെ അരികിലേക്ക് സിയ കേതനെ തള്ളിമാറ്റിയെങ്കിലും, ഭാഗ്യവശാൽ സമീപത്തെ ഒരു കുറ്റിച്ചെടിയിൽ പിടിച്ചു തൂങ്ങിയതിനാൽ കേതൻ അത്ഭുതകരമായി രക്ഷപ്പെട്ടു. താൻ ഒരു പാമ്പിനെ കണ്ടുവെന്നും കേതനെ രക്ഷിക്കാനാണ് തള്ളിയതെന്നുമുള്ള സിയയുടെ വിശദീകരണം കേതൻ വിശ്വസിച്ചതോടെ അന്ന് ആ കൊലപാതക ശ്രമം ആരുമറിയാതെ പോയി.
പിന്നീട് ജൂൺ 4-ന് ഇതേ കോട്ടയിലേക്ക് പോകാൻ വീണ്ടും ശ്രമിച്ചെങ്കിലും കേതന്റെ അമ്മയുടെ ശക്തമായ എതിർപ്പ് കാരണം അത് നടന്നില്ല. തുടർന്ന് ജൂൺ 6-ന് ഇവർ പ്രീ-വെഡിങ് ഫോട്ടോഷൂട്ടിനായി ബാലിയിലേക്ക് പോകാനിരുന്നതാണ്. എന്നാൽ സിയയുടെ ഇടപെടൽ മൂലം കേതന്റെ പാസ്‌പോർട്ട് ദുരൂഹസാഹചര്യത്തിൽ കാണാതായതോടെ ആ യാത്രയും മുടങ്ങി. അതേസമയം കേതനെ കൊലപ്പെടുത്താനുള്ള പദ്ധതി നടപ്പിലാക്കാനായി സിയ തന്നെയാകാം പാസ്‌പോർട്ട് ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.
തുടർന്ന് ജൂൺ 14-ന് വീണ്ടും കൊലപാതകത്തിന് ശ്രമിച്ചെങ്കിലും ഞായറാഴ്ചയായതിനാൽ കോട്ടയിൽ വലിയ തിരക്കുള്ളത് കൊണ്ട് അത് ഉപേക്ഷിച്ചു. ഒടുവിൽ ജൂൺ 18-ന് തന്റെ ജന്മദിനാഘോഷം എന്ന വ്യാജേന സിയ കേതനെ കോട്ടയിലേക്ക് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. ചൂടിലും ഹുഡി ധരിച്ച് ഇവരെ പിൻതുടർന്ന കാമുകൻ ചേതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത് കേസ് അന്വേഷണത്തിൽ നിർണ്ണായകമായി. ആരുമില്ലാത്ത ഒഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ഇരുവരും ചേർന്ന് കേതനെ ആക്രമിച്ചു കൊക്കയിലേക്ക് തള്ളുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
അതേസമയം ഫോട്ടോ എടുക്കുന്നതിനിടെ കേതൻ വഴുതി വീണതാണെന്നായിരുന്നു സിയ പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പരിചയസമ്പന്നനായ ഒരു ട്രക്കർ ഒരിക്കലും ഇത്തരത്തിൽ വഴുതി വീഴില്ലെന്ന് കേതന്റെ കുടുംബം ഉറപ്പിച്ചു പറഞ്ഞതോടെ അന്വേഷണം സിയയ്ക്ക് നേരെ തിരിയുകയായിരുന്നു. സിയയുടെയും ചേതന്റെയും ഫോൺ രേഖകളും മറ്റ് സാഹചര്യ തെളിവുകളും പരിശോധിച്ചതോടെയാണ് പ്രണയനാടകവും ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപെടുത്തിയതിന്റെ പിന്നിലെ കഥയും പുറംലോകം അറിയുന്നത്.















































