അമ്മ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചശേഷം അതിരൂക്ഷമായ വിമർശനവുമായി മല്ലികാ സുകുമാരന്‍. മലയാള സിനിമയ്ക്ക് സർക്കാർ വ്യവസായ പദവി നൽകിയ സമയത്ത് ആ സുവർണാവസരം അമ്മ സംഘടന ഉപയോഗിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തി.
ഈ ബജറ്റ് നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് ആവേണ്ടിയിരുന്നു കഴിഞ്ഞദിവസത്തെ സംഘടനാ ജനറൽ ബോഡിയുടെ അജണ്ട. എന്നാൽ, അതിനുപകരം യോഗം മാറിയത് മോശം പെരുമാറ്റങ്ങളെക്കുറിച്ചും വ്യക്തിപരമായ തർക്കങ്ങളെക്കുറിച്ചും, വ്യക്തികളുടെ പ്രതിച്ഛായയെക്കുറിച്ചുമുള്ള പരസ്യമായ പോരുകളിലേക്കാണ്. സർക്കാരുമായി എങ്ങനെ പങ്കാളികളാകാം എന്നതിനെക്കുറിച്ച് അമ്മയുടെ ഭാഗത്തുനിന്ന് ഒരൊറ്റ നിർദ്ദേശം പോലും വന്നതുമില്ല.
ഇവിടെ പ്രശ്നം തർക്കങ്ങളല്ല, മറിച്ച് മുൻഗണനകളാണ്. വലിയ താരങ്ങളുടെ ഭാഗത്തുനിന്നുള്ള മൗനം സ്വാധീനശക്തിയുടെ പാഴാക്കലാകും. മോഹൻലാലും മമ്മൂട്ടിയും സംസാരിക്കുമ്പോൾ സർക്കാർ അത് കേൾക്കും. വ്യവസായ പദവി എന്നത് ഒരു ട്രോഫിയല്ല. അതൊരു ഉത്തരവാദിത്തമാണ്. ഭൂമിയും വായ്പകളും കൊണ്ട് മാത്രം സംസ്കാരം നന്നാകില്ല. അതിന് നേതൃത്വ ഗുണമുള്ളവർ തന്നെ വേണം. കേരളം സിനിമയ്ക്ക് ഫാക്ടറിയുടെ താക്കോൽ കൈമാറിക്കഴിഞ്ഞു. പക്ഷേ ‘അമ്മ’ ഇപ്പോഴും പാർക്കിങ് ലോട്ടിലിരുന്ന് വഴക്കിടുകയാണെന്നും അവർ കുറ്റപ്പെടുത്തി.
















































