മൂന്നാർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട രണ്ട് വിദ്യാർഥിനികളെ സ്കൂളിലേയ്ക്ക് പോകുംവഴി ലോഡ്ജിലെത്തിച്ച് രണ്ടുദിവസം പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് മൂന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥിനികൾ തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. ബസ് കയറാൻ ടൗണിലേക്ക് പോകുന്നതിനിടെയാണ് മാട്ടുപ്പെട്ടി റോഡിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന യുവാക്കൾ ഇവരെ വിളിച്ചുവരുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
വിദ്യാർഥിനികളും യുവാക്കളും തമ്മിൽ നേരത്തേ ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച രാവിലെയാണ് വിദ്യാർഥിനികൾ സ്കൂളിലെത്തിയത്.
തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മൂന്നാർ എസ്.എച്ച്.ഒ. ജെ. ബിനോദ് കുമാർ അറിയിച്ചു.

















































