തിരുവനന്തപുരം: “മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ” എന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം തിരിച്ചടിച്ചതായി സിപിഐ വിലയിരുത്തൽ. പിണറായി വിജയന്റെ ചിത്രം ഉൾപ്പെടുത്തി പ്രചരിപ്പിച്ചപ്പോൾ അത് ജനങ്ങൾ “ഞാൻ അല്ലാതെ മറ്റാരുണ്ട്?” എന്ന രീതിയിൽ ഏറ്റെടുത്തുവെന്ന രൂക്ഷ വിമർശനം സിപിഐ സംസ്ഥാന കൗൺസിലിൽ ഉയർന്നു.
തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സിപിഐ സംസ്ഥാന നിർവാഹകസമിതി തയ്യാറാക്കിയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് നേതൃത്വത്തിനെതിരെയും ഭരണനേതൃത്വത്തിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നത്. കൂട്ടായ ചർച്ചയില്ലാതെ തീരുമാനങ്ങൾ എടുക്കുന്ന രീതി സിപിഎം അവസാനിപ്പിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
“എല്ലാം പിണറായി തീരുമാനിക്കുമെന്ന അവസ്ഥ സിപിഎമ്മിനെയും എൽഡിഎഫിനെയും ഈ അവസ്ഥയിലെത്തിച്ചു” എന്ന വിലയിരുത്തലും യോഗത്തിൽ പങ്കുവെക്കപ്പെട്ടു. സിപിഐ മുന്നറിയിപ്പുകൾ പലതും അവഗണിക്കപ്പെട്ടുവെന്നും, അഭിപ്രായങ്ങൾ ശരിയായ രീതിയിൽ പരിഗണിക്കപ്പെടാത്ത സാഹചര്യമുണ്ടായെന്നും വിമർശനമുയർന്നു.
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയർന്നതായി റിപ്പോർട്ടുണ്ട്. കൊല്ലം ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കൾ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തു. സെക്രട്ടേറിയറ്റ് വന്നതോടെ നിർവാഹക സമിതിയുടെയും സംസ്ഥാന കൗൺസിലിന്റെയും പ്രസക്തി കുറഞ്ഞുവെന്ന വിമർശനവും ഉണ്ടായി.
കൂട്ടായ ചർച്ചകളിലൂടെ തീരുമാനങ്ങൾ രൂപപ്പെടുന്ന പതിവ് കുറഞ്ഞതായും, മുൻപ് വേണ്ടെന്നുവച്ച സെക്രട്ടേറിയറ്റ് മതിയായ ആലോചനയില്ലാതെ വീണ്ടും കൊണ്ടുവന്നതായും യോഗത്തിൽ ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും വിമർശനം ഉയർന്നതായി വിവരം.
















































