മോസ്‌കോ: യുക്രൈൻ നടത്തിയ വ്യാപക ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നിൽ തീപിടിത്തമുണ്ടായി. തലസ്ഥാനമായ മോസ്‌കോ ഉൾപ്പെടെ വിവിധ മേഖലകളെ ലക്ഷ്യമിട്ട ആക്രമണത്തെ തുടർന്ന് നഗരത്തിലെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മോസ്‌കോയെ ലക്ഷ്യമിട്ട് യുക്രൈൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നായാണ് സംഭവത്തെ വിലയിരുത്തുന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയ 194 ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി മോസ്‌കോ മേയര്‍ അറിയിച്ചു. മോസ്‌കോയ്ക്കു പുറമേ റഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്കും യുക്രൈന്‍ ആക്രമണം നടത്തി. റഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വന്ന 555 ഡ്രോണുകള്‍ തടഞ്ഞുനശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മോസ്‌കോയുടെ തെക്കുകിഴക്കൻ മേഖലയായ കപോത്‌ന്യയിൽ പ്രവർത്തിക്കുന്ന എണ്ണശുദ്ധീകരണശാലയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമായത്. ചൊവ്വാഴ്ചയും ഇതേ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തെ തുടർന്ന് റിഫൈനറിയിൽ നിന്ന് കനത്ത പുക ഉയരുകയും ചില ഇന്ധന സംഭരണ ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
റഷ്യയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായ സാധോവോഡ് ട്രേഡ് സെന്ററിന് സമീപവും പുക ഉയരുന്നതായി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനിടെ തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ചതിനെ തുടർന്ന് ചില കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയ റഷ്യൻ അധികൃതർ, മോസ്‌കോയിലെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം മണിക്കൂറുകളോളം നിർത്തിവെച്ച ശേഷമാണ് പുനരാരംഭിച്ചത്. സംഭവത്തിൽ ആളപായമുണ്ടായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
















































