പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ സർക്കാരിനെ പരിഹസിച്ച് സിപിഎം നേതാവ് എ കെ ബാലൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് കെ എം ഷാജി പറഞ്ഞതെന്നും അറബിക്കടലിൽ വലവീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ലെന്നും എ കെ ബാലൻ പരിഹസിച്ചു. പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് യാതൊരു ബാധ്യതയുമില്ലെന്നും പദ്ധതി എൽഡിഎഫ് സർക്കാർ മരവിപ്പിച്ചതാണെന്നും എ കെ ബാലൻ പറഞ്ഞു.
“എന്തെങ്കിലും ഒരു അംശം കിട്ടുമോ എന്നറിയാൻ വേണ്ടി ഞങ്ങൾ ഇപ്പോൾ അറബിക്കടലിൽ വലവീശിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ ഒന്നും കുടുങ്ങിയില്ല”- എ കെ ബാലൻ പരിഹസിച്ചു.
ധാരണാപത്രത്തിൽ ഒപ്പിട്ടാൽ അന്തിമമാകില്ല. അത് പദ്ധതിയുമായി ബന്ധപ്പെട്ട തുടക്കമാണ്. പദ്ധതിയായ ഭവിഷ്യത്ത് ഘടകക്ഷിയായ സിപിഐ തുറന്നുപറഞ്ഞപ്പോൾ തങ്ങൾ അത് നിർത്തിവെച്ചുവെന്നും എം കെ ബാലൻ പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെയും എകെ ബാലൻ വിമർശനമുയർത്തി. രാഹുൽ ഗാന്ധിക്ക് സവർണ ബോധമാണെന്നാണ് എകെ ബാലന്റെ പരാമർശം. ജാതി ബോധം ഉള്ളത് കൊണ്ടാണ് പിണറായിയെ കെട്ടിപിടിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് കുഴപ്പമില്ല. പിണറായിയെ കെട്ടിപ്പിടിക്കാനുള്ള പ്രശ്നം രാഹുലിൻ്റെ മനസ്സിൻ്റെ ഉള്ളിലുള്ള ജാതിബോധമാണെന്നും എകെ ബാലൻ വിമർശിച്ചു.















































