ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ ഒരു വർഷത്തോളം പ്രതിരോധത്തിലാക്കിയ വൻ കർഷക സമരത്തിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് വീണ്ടും ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും ഇന്ത്യ–അമേരിക്ക വ്യാപാര കരാറിനെതിരെയും ഓഗസ്റ്റ് 10 മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു.
ട്രേഡ് യൂണിയനുകളെയും വിദ്യാർത്ഥി സംഘടനകളെയും ഉൾപ്പെടുത്തി വിപുലമായ പ്രതിഷേധ പരിപാടികളാണ് സംയുക്ത കിസാൻ മോർച്ച ആസൂത്രണം ചെയ്യുന്നത്. 2020-ൽ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ 13 മാസം നീണ്ടുനിന്ന കർഷക സമരം മോദി സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളി ഉയർത്തിയിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിക്കുകയും വിവിധ ഉറപ്പുകൾ കർഷകർക്ക് നൽകുകയും ചെയ്തിരുന്നു.
വിളകൾക്ക് നിയമപരമായ താങ്ങുവില ഉറപ്പാക്കുക, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, കടബാധ്യതകൾ സംബന്ധിച്ച വിഷയങ്ങളിൽ അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളുക തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും, അഞ്ച് വർഷം പിന്നിട്ടിട്ടും അവ നടപ്പായിട്ടില്ലെന്നാണ് കർഷക സംഘടനകളുടെ ആരോപണം. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കേന്ദ്ര സർക്കാർ വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തിയില്ലെന്നും ചർച്ചകൾ ഫലപ്രദമായില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനൊപ്പം, കർഷക താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിക്കുന്ന ഇന്ത്യ–അമേരിക്ക വ്യാപാര കരാറിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കിസാൻ മോർച്ച വ്യക്തമാക്കി. നോയിഡ വിമാനത്താവളവും ഗംഗ എക്സ്പ്രസ് വേയും ഉൾപ്പെടെയുള്ള പദ്ധതികൾക്കായി ഭൂമി ഏറ്റെടുത്തവർക്കു ന്യായമായ നഷ്ടപരിഹാരം നൽകുക, ഒഡീഷയിലെ ഗോത്രഭൂമികളിലെ കോർപ്പറേറ്റ് കൈയേറ്റം തടയുക, ഹരിയാണയിലെ ജലക്ഷാമ പ്രശ്നത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.
സമര പരിപാടികൾക്ക് രൂപം നൽകുന്നതിനായി അടുത്ത മാസം 28, 29 തീയതികളിൽ ദില്ലിയിൽ വിപുലമായ കൺവെൻഷൻ സംഘടിപ്പിക്കും. രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളോടും ജനകീയ സംഘടനകളോടും സമരത്തിൽ പങ്കുചേരാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
















































