മുംബൈ: ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യു.ബി.ടി.)പിളർന്നെന്ന് റിപ്പോർട്ട്. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി മാറി ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയതായാണ് വിവരം. ബുധനാഴ്ച സ്പീക്കറെ നേരിൽ കണ്ട് കത്ത് കൈമാറിയെന്നും, ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായി അംഗീകാരം ലഭിച്ചതായി ഇവർ അവകാശപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. പിന്നാലെ ഈ എംപിമാർ ഏകനാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിലേക്ക് ചേക്കേറുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ലോക്‌സഭയിൽ ശിവസേന (യു.ബി.ടി.)യ്ക്ക് ഒമ്പത് എംപിമാരാണുള്ളത്. അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നിവരൊഴികെയുള്ള ബാക്കിയുള്ള അംഗങ്ങളാണ് പുതിയ ഗ്രൂപ്പിൽ ചേർന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, വിമതർ രൂപീകരിച്ച ഗ്രൂപ്പിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നിവർ സ്പീക്കർ ഓം ബിർളയെ നേരിൽ കണ്ടു.
സംഭവവികാസങ്ങൾക്കിടെ വ്യാഴാഴ്ച രാവിലെ 11ന് ഡൽഹിയിൽ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ എല്ലാ എംപിമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് പാർട്ടി വിപ്പ് പുറപ്പെടുവിച്ചു. ലോക്‌സഭയിലെ ചീഫ് വിപ്പ് അനിൽ ദേശായിയാണ് നിർദേശം നൽകിയത്. എംപിമാരെ അനുനയിപ്പിക്കാനായി പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ ഡൽഹിയിലെത്തുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്‌തേക്കുമെന്നാണ് സൂചന.
ഇതിനിടെ, പാർട്ടി വിട്ടുപോകുന്ന എംപിമാർ പ്രത്യേക ഗ്രൂപ്പായോ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കാനോ ഉന്നയിക്കുന്ന ഏതൊരു അവകാശവാദവും അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അരവിന്ദ് സാവന്ത് നേരത്തെ സ്പീക്കർക്ക് കത്തയച്ചിരുന്നു.

















































