പാരിസ്: അമേരിക്കയ്ക്ക് ഇറാനിൽ നിക്ഷേപം നടത്തേണ്ട യാതൊരു ബാധ്യതയും ഇല്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഖത്തർ അമീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ്. “ഞങ്ങൾ ഇറാനിൽ ഒരു ഡോളർ പോലും നിക്ഷേപിക്കുന്നില്ല. ഇറാനുമായി ഉണ്ടായ കരാറിന്റെ പ്രധാന ലക്ഷ്യം തന്നെ ഇറാൻ ഒരിക്കലും ആണവായുധം കൈവശപ്പെടുത്താതിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ആണവായുധം നേടാൻ ശ്രമിച്ചാൽ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതുപോലെ ഇറാൻ ആണവായുധം കൈവശപ്പെടുത്തില്ലെന്ന് കരാർ ഉറപ്പുനൽകുന്നതായും അമേരിക്കൻ പ്രസിഡൻ്റ് പറഞ്ഞു. ടെഹ്‌റാൻ ആണവായുധം വികസിപ്പിക്കില്ലെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് ഇറാനുമായുള്ള കരാറെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ലെബനനുമായി ബന്ധപ്പെട്ട ഇസ്രായേലിന്റെ നയങ്ങളെയും ഡോണൾഡ് ട്രംപ് വിമർശിച്ചു. ഇറാനുമായുള്ള കരാർ ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. ഇറാനുമായുള്ള കരാർ പൂർത്തിയായിക്കഴിഞ്ഞു. അത് വിജയകരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി അത് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആ ഘട്ടം ആദ്യത്തേതിനെക്കാൾ എളുപ്പമായിരിക്കുമെന്നാണ് എന്റെ വിലയിരുത്തൽ എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.
കൂടാതെ റഷ്യൻ എണ്ണയ്‌ക്കെതിരായ ഉപരോധം വീണ്ടും ഏർപ്പെടുത്താൻ അമേരിക്കയ്ക്ക് ഉടൻ കഴിയുമെന്ന മുന്നറിയിപ്പും ഡോണൾഡ് ട്രംപ് നൽകി. ഇറാനുമായി ഉണ്ടായ കരാറിനെ തുടർന്ന് പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കുകയും ഹോർമൂസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളുടെ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഉടൻ തന്നെ റഷ്യൻ എണ്ണയ്‌ക്കെതിരായ ഉപരോധം പുനഃസ്ഥാപിക്കാൻ കഴിയും എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.
ഇതിനിടെ ലെബനനിലെ ഇസ്രായേൽ സാന്നിധ്യം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇറാനുമായുള്ള യുദ്ധാവസാന കരാറിന്റെ ഭാഗമായി ലെബനനിലെ ഇസ്രായേൽ സൈനിക സാന്നിധ്യവും അവസാനിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് ഇറാനിയൻ സർക്കാർ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത്.
















































