ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചതായി ഇറാൻ പ്രഖ്യാപിച്ചു. എന്നാൽ ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിൽ നിലവിലെ ധാരണയെ അത് ബാധിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി.
അമേരിക്ക നാവിക ഉപരോധം പിൻവലിച്ചുതുടങ്ങിയതോടെ ഇറാൻ തീരത്തേക്ക് വീണ്ടും കപ്പലുകൾ എത്തിത്തുടങ്ങി. മൂന്ന് എണ്ണ ടാങ്കറുകളും രണ്ട് ചരക്ക് കപ്പലുകളും ഉൾപ്പെടെ അഞ്ച് കപ്പലുകളാണ് ഉപരോധത്തിന് ശേഷം ആദ്യമായി ഇറാൻ തീരത്തെത്തിയത്.
ഇറാൻ-അമേരിക്ക ധാരണയുടെ ഭാഗമായി വെള്ളിയാഴ്ച കരാർ ഒപ്പുവെക്കുകയും ശനിയാഴ്ച ജനീവയിൽ അന്തിമ ചർച്ചകൾ ആരംഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ആണവായുധ നിർമാണത്തിനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചാൽ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ഇസ്രയേലിന്റെ നിലപാടാണ് പുതിയ ആശങ്കകൾ ഉയർത്തുന്നത്. കരാറിൽ തങ്ങൾ കക്ഷിയല്ലെന്നും ലബനൻ, സിറിയ, ഗാസ മേഖലകളിൽ നിന്ന് പിന്മാറില്ലെന്നുമാണ് ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ലബനനിൽ അന്താരാഷ്ട്ര അതിർത്തികളിലേക്ക് ഇസ്രയേൽ മടങ്ങണമെന്നാണ് ഇറാന്റെ ആവശ്യം.
അവസാന ഘട്ട ചർച്ചകളിൽ നിർണായക പങ്കുവഹിച്ച ഖത്തർ അമീറുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജി-7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി. ഇറാൻ-അമേരിക്ക ധാരണയുടെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിട്ടേക്കുമെന്നാണ് സൂചന.
അതേസമയം, അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആക്രമണത്തിനിരയായ എം.ടി. ജൽവീർ കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യൻ നാവികർ നാട്ടിലേക്ക് മടങ്ങി. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇവരുടെ മടക്കയാത്ര ഏകോപിപ്പിച്ചത്.
ആക്രമണത്തിൽ മൂന്ന് നാവികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും അമേരിക്കയിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നാവികരുടെ സംഘടനയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ഐക്യരാഷ്ട്രസഭയെ സമീപിച്ചിട്ടുണ്ട്.















































