തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണത്തിന് കോടതി നിർദേശം നൽകിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെയായിരുന്നുവെന്നും താൻ അവരെ തടയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
“കോടതിയിൽ എല്ലാ കാര്യങ്ങളും വിശദീകരിക്കും. ഞാൻ കേസിൽ പ്രതിയോ പരാതിക്കാരനോ ആയിരുന്നില്ല. എന്നിട്ടും എന്റെ പേര് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല” – ഇ.പി. ജയരാജൻ പറഞ്ഞു.
തന്നെ ഇതുവരെ വിചാരണ ചെയ്തിട്ടില്ലെന്നും ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. “കോടതിയിൽ കാര്യങ്ങൾ എല്ലാം വിശദീകരിക്കും. പരാതിക്കാർ ആദ്യം പോലീസിനെയാണ് സമീപിക്കേണ്ടിയിരുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയുടെ നടപടിയെക്കുറിച്ചും ഇ.പി. പ്രതികരിച്ചു. “കോടതി പൊലീസ് അല്ല. കോടതിക്ക് കാര്യങ്ങൾ പരിശോധിക്കാം. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ നടത്തിയ ആസൂത്രിത ശ്രമമായിരുന്നു ഇൻഡിഗോ വിമാനത്തിൽ നടന്നത്. എല്ലാ വസ്തുതകളും പരിശോധിച്ചാൽ കോടതിക്ക് ഇത്തരമൊരു അഭിപ്രായത്തിൽ എത്താൻ കഴിയില്ല” – അദ്ദേഹം പറഞ്ഞു.
കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നാൽ അപ്പോൾ വിശദമായി പ്രതികരിക്കാമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.














































