കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമായ ജിതിൻ ഭാസ്കറിനെയാണ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ജിതിൻ ഭാസ്കറിനെ നേരത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമം, തെളിവ് നശിപ്പിക്കൽ, കുറ്റകൃത്യത്തിന് പ്രേരണ നൽകൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകളാണ് ജിതിനെതിരെ ചുമത്തിയിരിക്കുന്നത്.
വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി പ്രചരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ ഗ്രൂപ്പിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്.
ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് വിവാദ സ്ക്രീൻഷോട്ട് ലഭിച്ചതും വടകര സ്ക്വാഡ് ഗ്രൂപ്പിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. വ്യാജ സ്ക്രീൻഷോട്ടിന്റെ പ്രഭവകേന്ദ്രം ഈ ഗ്രൂപ്പാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം.















































