നാഗ്പൂർ: നാഗ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യ തന്റെ പഴയ സഹപാഠിയും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്തു, നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതികൾക്കെതിരെ ബലാത്സംഗം, ബ്ലാക്ക് മെയിൽ, ബ്ലാക്ക് മാജിക്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് മുഖ്യപ്രതിയും സഹപാഠിയുമായ അയാസ് മദാരെയും (26) സഹപ്രതി അമീൻ ഷെയ്ഖിനെയും അറസ്റ്റ് ചെയ്തു. കേസിൽ പങ്കുണ്ടെന്നാരോപിക്കപ്പെട്ട മധ്യപ്രദേശിലെ ഒരു മൗലാനയെ കണ്ടെത്താൻ പ്രത്യേക സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പരാതിപ്രകാരം, 2025 ഫെബ്രുവരി 8-ന് ഒരു ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ അയാസ് മദാരെ യുവതിയുടെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ബോധം വീണ്ടെടുത്തപ്പോൾ പ്രതികൾ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും പകർത്തിയിരുന്നുവെന്നും, അവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭർത്താവിനെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി പലവട്ടം ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു. കൂടാതെ ഏകദേശം നാല് ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
അതേസമയം കേസിൽ നിർണായക തെളിവായി ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വീഡിയോയിൽ യുവതി കരഞ്ഞുകൊണ്ട് “ചോഡോ മുഝേ” (എന്നെ വിടൂ) എന്ന് അപേക്ഷിക്കുന്നതും, അയാസ് മദാരെ അവളെ ബലമായി പിടിച്ചുനിർത്തി മതപരമായ മന്ത്രങ്ങൾ ചൊല്ലി, മുഖത്തേക്ക് ഊതുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് തന്നെ മതം മാറ്റിയതായി പ്രഖ്യാപിച്ചെന്നും പിന്നീട് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി ആരോപിക്കുന്നു. ഇതിനിടെ പ്രതി പലപ്പോഴും ഒരു ദ്രാവകം കൊണ്ടുവന്ന് അത് കുടിപ്പിക്കാൻ നിർബന്ധിച്ചുവെന്നും, തുടർന്ന് ഉറുദുവിൽ മന്ത്രങ്ങൾ ചൊല്ലി ഹിപ്നോട്ടൈസ് ചെയ്യാൻ ശ്രമിച്ചതായും ബ്ലാക്ക് മാജിക് ചെയ്തുവെന്ന പേരിൽ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.
മേയ് 31-ന് നടന്ന മറ്റൊരു സംഭവത്തിൽ, പ്രതികളും കൂട്ടരും യുവതിയെ ബലമായി കല്മേശ്വറിലേക്ക് കൊണ്ടുപോയി. അവിടെ മധ്യപ്രദേശിലെ ചിൻഡ്വാര ജില്ലയിലെ താമിയ ഗ്രാമത്തിൽ നിന്നുള്ള ഹസ്രത് മൗലാന എന്ന വ്യക്തി മതചടങ്ങുകൾ നടത്തി യുവതിയെ “കുബൂൾ ഹൈ” പറയാൻ നിർബന്ധിച്ചുവെന്നാണ് ആരോപണം. തുടർന്ന് ഇസ്ലാം മതത്തിലേക്ക് മാറ്റിയതായി പ്രഖ്യാപിക്കുകയും അയാസുമായുള്ള നിഖാഹ് നടത്തിയതായി അറിയിക്കുകയും ചെയ്തു. കൂടാതെ യുവതിയെ ഇറച്ചി കഴിക്കാനും കലിമ ചൊല്ലാനും നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.
അതിനു ശേഷം ഹോട്ടലിലേക്ക് കൊണ്ടുപോയി വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും, പിന്നീട് വീട്ടിലും എത്തി പലതവണ പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം സഹപാഠിയായ പ്രതിയുമായി ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് അടുപ്പത്തിലാകുന്നത്. ഈ ആവശ്യത്തിനെന്ന പേരിലാണ് യുവതിയെ ഹോട്ടലിലെത്തിച്ചത്.
സംഭവത്തിൽ പോലീസ് ബലാൽസംഗം, നിരന്തരമുള്ള ലൈംഗിക പീഡനം, , ബ്ലാക്ക്മെയിൽ, നിർബന്ധിത മതമാറ്റം, കൂടാതെ മന്ത്രവാദ നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തു. പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. “പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണ്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധന നടത്തുകയാണ്. മതമാറ്റം നടത്തിയതായി ആരോപിക്കുന്ന മൗലാനയെ കണ്ടെത്താൻ മറ്റൊരു സംസ്ഥാനത്തേക്ക് പ്രത്യേക സംഘം പോയിട്ടുണ്ട്. സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.”നാഗ്പൂർ ഡിസിപി സുരേഷ് റെഡ്ഡി പറഞ്ഞു
















































