തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് തനിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചുവെന്ന മോട്ടോർ വാഹന വകുപ്പ് രേഖകൾ പുറത്തുവന്നതിനെ തുടർന്ന് പ്രതികരണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ”എനിക്ക് അപേക്ഷ കൊടുക്കാനല്ലേ പറ്റൂ. ലൈസൻസ് പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഈ വിഷയത്തിൽ ആദ്യമായാണ് ഗണേഷ്‌കുമാർ പരസ്യ പ്രതികരണം നടത്തുന്നത്.
‘ലൈസൻസ് എടുത്തതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അടുത്ത പുതുക്കൽ വരുമ്പോൾ അതിൽ കുഴപ്പമില്ലാതാകും. അന്നത്തെക്കാലത്തെ ഉദ്യോഗസ്ഥൻ ആരാണെന്ന് അന്വേഷിച്ച് നടപടിയെടുക്കണം. ലൈസൻസ് തന്ന ആളിനോടു ചോദിക്കണം. ഞാൻ അപേക്ഷകൊടുത്തു, കിട്ടി.’- ഗണേഷ്‌കുമാർ പറഞ്ഞു.
രേഖകൾ പ്രകാരം ചെയ്തത് തെറ്റാണെങ്കിൽ നടപടിക്ക് വിധേയനാകണ്ടേ എന്ന ചോദ്യത്തിന് ”അന്നത്തെ ഉദ്യോഗസ്ഥൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തോടു ചോദിക്കാം”- എന്നായിരുന്നു മറുപടി.
1966 മേയ് 25-ന് ജനിച്ച ഗണേഷ്‌കുമാറിന് 1984 ഫെബ്രുവരി 13-ന് തിരുവനന്തപുരം ആർ.ടി. ഓഫീസിൽനിന്ന് ലൈസൻസ് നൽകിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിലുള്ളത്. ഇതുപ്രകാരം ലൈസൻസ് ടെസ്റ്റിന് ഹാജരാകുമ്പോൾ അദ്ദേഹത്തിന് 17 വയസ്സും എട്ടുമാസവുമായിരുന്നു പ്രായം. 18 വയസ്സ് പൂർത്തിയാകാൻ മേയ് 25 വരേണ്ടതുണ്ടായിരുന്നു. ഇക്കാര്യം സംബന്ധിച്ച വാർത്ത ‘മാതൃഭൂമി’യാണ് പുറത്തുകൊണ്ടുവന്നത്.
ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം എം.എൽ.എ. എന്ന വിശേഷണം ചേർത്തതിലും തെറ്റില്ലെന്ന നിലപാടാണ് ആദ്യം ഗണേഷ്‌കുമാർ സ്വീകരിച്ചത്.
‘എം.എൽ.എ. ആയിരുന്നല്ലോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. എന്നാൽ അങ്ങനെ രേഖപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഉദ്യോഗസ്ഥരെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
‘എം.എൽ.എ. എന്ന് അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥർ ടൈപ്പ് ചെയ്തപ്പോൾ മനസ്സിൽ തോന്നി എം.എൽ.എ. എന്ന് ചേർത്തതാകാം. അങ്ങനെ ചെയ്തവർക്കെതിരേ നടപടി എടുക്കണം.’- ഗണേഷ്‌കുമാർ പറഞ്ഞു.
ഇതിന്റെ പേരിൽ തന്റെ ലൈസൻസ് റദ്ദാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എനിക്ക് ഇന്റർനാഷണൽ ലൈസൻസ് ഉണ്ട്. അതുവെച്ച് ഓടിക്കും’- എന്നും ഗണേഷ്‌കുമാർ പറഞ്ഞു.
















































