അടൂർ: സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യെ സംബന്ധിച്ചുള്ള സമൂഹമാധ്യമ പോസ്റ്റിൽ മുൻ മന്ത്രി ജെ. ചിഞ്ചുറാണിയെ പരിഹസിച്ചെന്ന ആരോപണത്തിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വിമർശനം .
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിൽക്കുന്ന ജെ. ചിഞ്ചുറാണിയുടെ വീഡിയോ പങ്കുവെച്ചായിരുന്നു ശ്രീനാദേവിയുടെ പരാമർശം. “എല്ലാ സ്ത്രീകൾക്കും കയറാം. മൃഗങ്ങൾക്കും മനുഷ്യർക്കും ഉപകാരമില്ലാത്ത ചിലർക്കും കയറാം. സൗജന്യം മാത്രം സ്വീകരിക്കുന്നവർക്കും കയറാം” എന്നായിരുന്നു പോസ്റ്റിലെ വിമർശനം.
പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ മറ്റൊരു കുറിപ്പുമായി ശ്രീനാദേവി രംഗത്തെത്തി. മുൻ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രിയായിരുന്ന ജെ. ചിഞ്ചുറാണിയുടെ കാലത്ത് ഒരു മുൻ സിപിഐ ജില്ലാ സെക്രട്ടറി വകുപ്പിനെ ദുരുപയോഗം ചെയ്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണമാണ് അവർ ഉന്നയിച്ചത്.
സാധാരണ ക്ഷീരകർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കുടുംബാംഗങ്ങളുടെ പേരിൽ കൃത്രിമമായി തട്ടിയെടുത്തുവെന്ന് പാർട്ടി നിയോഗിച്ച രണ്ട് അന്വേഷണ കമ്മിഷനുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധപ്പെട്ട മുൻ ജില്ലാ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ശ്രീനാദേവി അവകാശപ്പെട്ടു. അതേസമയം, പിന്നീട് അതേ വ്യക്തിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അദ്ദേഹത്തിനൊപ്പം നിലപാട് സ്വീകരിക്കുകയും ചെയ്തവർ സാധാരണ പാർട്ടി പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നതോ റബ്ബർ ചെരുപ്പ് ധരിക്കുന്നതോ കൊണ്ട് ജനങ്ങളെ വിശ്വസിപ്പിക്കാനാകില്ലെന്നും അത് വെറും കാഴ്ചപ്പാടിനായുള്ള രാഷ്ട്രീയ പ്രകടനമാണോയെന്ന് ചോദിച്ചുമാണ് ശ്രീനാദേവിയുടെ മറ്റൊരു കുറിപ്പ്.
സംഭവം സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിരിക്കുകയാണ്. ജെ. ചിഞ്ചുറാണിയുടെയോ സിപിഐ നേതൃത്വത്തിന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
















































